
അബുദാബി: ആറ് മാസമായി തുടരുന്ന യുഎസ്-ഇറാൻ യുദ്ധം പശ്ചിമേഷ്യയെ കൂടുതൽ രൂക്ഷമായ സംഘർഷത്തിലേക്ക് തള്ളിവിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള എല്ലാത്തരം വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും പൂർണ്ണമായി നിർത്തിവയ്ക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. ടെഹ്‌റാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎഇ ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ഓഗസ്റ്റ് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ഇറാനുമേൽ സമ്പൂർണ്ണ സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയത്. പ്രാദേശിക, അന്തർദേശീയ സമാധാനത്തിന് ഭീഷണിയാകുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
ഇറാന്റെ ഭാഗത്തുനിന്ന് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളെ യുഎഇ വ്യോമപ്രതിരോധ സംവിധാനം കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മിസൈൽ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചത്. തുടർന്ന് രാജ്യത്തെ താമസക്കാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ ഫോൺ മുന്നറിയിപ്പും നൽകിയിരുന്നു. മെയ് മാസത്തിന് ശേഷം യുഎഇ ലക്ഷ്യമാക്കി നടക്കുന്ന ആദ്യ നേരിട്ടുള്ള മിസൈൽ ആക്രമണമാണിത്.
മിസൈൽ ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ വാദം അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.
യുഎഇയുടേത് വെറും വ്യാജവാർത്തയാണെന്നും, യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധ പദ്ധതികൾ നടപ്പിലാക്കാനാണ് യുഎഇ ഇപ്പോൾ ശ്രമിക്കുന്നതെന്നും ടെഹ്‌റാൻ ആരോപിച്ചു.
സാമ്പത്തിക ആഘാതം
യുഎഇയുടെ ഈ നീക്കം ഇതിനകം തന്നെ പ്രതിസന്ധിയിലായ ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാകും. ചൈന കഴിഞ്ഞാൽ ഇറാന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യുഎഇ. ഇരുരാജ്യങ്ങളും തമ്മിൽ പ്രതിവർഷം 27 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടന്നിരുന്നത്.
ഇറാന്റെ വാർഷിക ഇറക്കുമതിയുടെ മൂന്നിലൊന്ന് വിഹിതവും യുഎഇ വഴിയാണ് എത്തിയിരുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളെ മറികടക്കാനും സ്വിഫ്റ്റ് (SWIFT) നിയന്ത്രണങ്ങൾ ഒഴിവാക്കി ആഗോള വിപണികളിലേക്ക് പ്രവേശിക്കാനും ഇറാന് പ്രധാനമായും ആശ്രയിക്കാൻ കഴിഞ്ഞിരുന്നത് ദുബായിയെ ആയിരുന്നു.
ഇറാന്റെ സാമ്പത്തിക ചലനങ്ങളിൽ യുഎഇ വഹിക്കുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ, യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളേക്കാൾ വലിയ ആഘാതമാണ് യുഎഇയുടെ ഈ വ്യാപാര വിലക്ക് ഉണ്ടാക്കുകയെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്.
നയതന്ത്ര ശ്രമങ്ങൾക്ക് തിരിച്ചടി
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇറാനുമായി പുനഃസ്ഥാപിച്ചു വന്നിരുന്ന സാമ്പത്തിക, വിമാന സർവീസുകൾ ഉൾപ്പെടെയുള്ള നയതന്ത്ര ബന്ധങ്ങൾക്കാണ് ഈ സംഭവത്തോടെ വീണ്ടും തിരിച്ചടിയേറ്റിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ, യുഎഇയുടെ പുതിയ സാമ്പത്തിക ഉപരോധം മേഖലയെ വീണ്ടും വലിയൊരു അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam