സൗദി വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

Published : Oct 08, 2026, 04:13 PM IST
uae flag

Synopsis

സൗദി അറേബ്യയിലെ അബഹ, കിംഗ് ഖാലിദ് വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ഹൂതി ഭീകരാക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

അബുദാബി: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതി വിഭാഗം നടത്തിയ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ. ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിദേശ പൗരന്മാർ കൊല്ലപ്പെടുകയും നിരവധി സിവിലിയന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ശക്തമായ അമർഷം രാജ്യം രേഖപ്പെടുത്തിയത്. ഇത്തരം ആക്രമണങ്ങൾ സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം ആവർത്തിച്ചു.

വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം

സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.

ബുധനാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സുഡാനീസ് പൗരൻ മരണപ്പെട്ടു. ഇവിടെ 5 സൗദി സ്വദേശികൾ, ഒരു ഈജിപ്ഷ്യൻ പൗരൻ, ഒരു പാകിസ്താൻ പൗരൻ എന്നിവരടക്കം 8 പേർക്ക് പരിക്കേറ്റു. പരിക്കുകളുടെ സ്വഭാവം നിസ്സാരം മുതൽ ഗുരുതരം വരെയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരെയും തൽക്ഷണം ആശുപത്രിയിലേക്ക് മാറ്റി അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലും വിമാനത്താവള സമുച്ചയങ്ങൾക്ക് ഭാഗികമായി ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിമാനക്കമ്പനികൾക്ക് ഹൂത്തികളുടെ മുന്നറിയിപ്പ്; 'സൗദിയിലേക്ക് സർവീസ് നടത്തുന്നത് സുരക്ഷിതമല്ല'
46 വയസുകാരന്റെ വധശിക്ഷ നടപ്പിലാക്കി ടെക്സാസ്, അമേരിക്കയിൽ ഈ വർഷം നടപ്പിലാക്കിയ 30ാമത്ത വധശിക്ഷ