ബ്രിട്ടനിൽ രണ്ട് ഡോസ് വാക്സിനെടുത്ത ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ്, ലക്ഷണങ്ങളില്ലെന്ന് സാജിദ് ജാവിദ്

By Web TeamFirst Published Jul 18, 2021, 9:48 AM IST
Highlights

താൻ രണ്ട് ഡോസ് വാക്സിൻ എടുത്തതാണെന്നും അതിനാൽ തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു

രണ്ട് ഡോസ് വാക്സിനുമെടുത്ത ബ്രിട്ടന്റെ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് അറിയിക്കുകയായിരുന്നു. ബ്രിട്ടനിലെ കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം  ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കിൽ അദ്ദേഹം 10 ദിവസം ക്വാറന്റീനിൽ തുടരണം. ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ നേരിട്ട് കണ്ടിരുന്നു. എന്നാൽ ഇതിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കൊവിഡ് മരണത്തെ മുന്നിൽ കണ്ട് ജീവതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. 

താൻ രണ്ട് ഡോസ് വാക്സിൻ എടുത്തതാണെന്നും അതിനാൽ തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും വൈറസ് ബാധ സ്ഥിരീകരിച്ചുകൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകൾ ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്. എന്നാൽ പ്രായപൂർത്തിയായവരിൽ മൂന്നിലൊരു ഭാഗം പേർ വാക്സിൻ എടുത്തുകഴിഞ്ഞെന്നും വൈറസ് ബാധ തടയാാകുമെന്നുമുള്ള പ്രതീക്ഷയാണ് സർക്കാർ പങ്കുവയ്ക്കുന്നത്. ഈ വൈറസിൽ നിന്ന് ആരും സുരക്ഷിതരല്ലെന്നാണ് സാജിദ് ജാവിദിന്റെ കൊവിഡ് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് ആരോഗ്യവക്താവ് മുനിറ വിൽസൺ പറഞ്ഞു. 

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ആരോഗ്യസെക്രട്ടറിയായിരുന്ന മറ്റ് ഹാൻകോക്ക് രാജിവച്ച ഒഴിവിലേക്ക് ജൂണ് 26നാണ് സാജിദ് ജാവിദ് ചുമതലയേറ്റത്. കൊവിഡ് മാനദണ്ഡം ലംഘിച്ച്, തന്റെ ഓഫീസിലെ ജീവനക്കാരിയെ ചുംബിച്ചുവെന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെയാണ് ഹാൻകോക്കിന് രാജിവയ്ക്കേണ്ടി വന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഹാൻകോക്കിന്റെ രാജി സ്വീകരിക്കുകയായിരുന്നു. 

click me!