
റിയാദ്: ഹൂത്തി ആക്രമണത്തിൽ നിന്ന് സൗദി അറേബ്യക്ക് പ്രതിരോധമൊരുക്കാൻ യു കെയും എത്തും. ഹൂത്തികളുടെ ആക്രമണങ്ങളെ ചെറുക്കാൻ സൗദിക്ക് വേണ്ടി യു കെ പോർവിമാനങ്ങൾ വിന്യസിക്കാനാണ് തീരുമാനം. കൂടുതൽ രാജ്യങ്ങളുമായി സൗദി ചർച്ചകൾ നടത്തുന്നുണ്ട്. അതിനിടെ സൗദി തലസ്ഥാനമായ റിയാദിലേക്ക് ഹൂത്തികൾ വീണ്ടും ആക്രമണം നടത്തി. മിസൈലുകൾ തകർത്തതായി സൗദി സേന അറിയിച്ചു. സംഘർഷങ്ങൾക്കടെ മേഖലയിൽ നിർണായക ചർച്ചകൾ നടക്കുകയാണ്. ഫ്രാൻസുമായി യു എ ഇ തന്ത്രപ്രധാന പ്രതിരോധ സഹകരണ കരാറിലേക്ക് നീങ്ങുകയാണ്. ഇതിനായി ചട്ടക്കൂട് രൂപീകരിച്ചു. അതേസമയം അമേരിക്ക - ഇറാൻ സംഘർഷത്തിൽ സമാധാന ചർച്ചകൾ വീണ്ടും സജീവമാകുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
അമേരിക്ക - ഇറാൻ സംഘർഷ ആശങ്കകൾക്കിടെ വീണ്ടും ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ചർച്ചകൾ സജീവമാകുകയാണ്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലെവറോവ്, ഇറാൻ പരമാധികാര സുരക്ഷ കൗൺസിൽ മേധാവി മുഹ്സിൻ റിസയിയുമായി ചർച്ച നടത്തി. ഇറാന്‍റെ യുറേനിയം ശേഖരം സമവായമെന്ന നിലയിൽ ഏറ്റുവാങ്ങി സൂക്ഷിക്കാം എന്ന് റഷ്യ അറിയിച്ചിരുന്നു. അതിനിടെ പാക് സേന മേധാവിയും ടെഹ്റാനിൽ എത്തുന്നുണ്ട്. അതേസമയം അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഇസ്രയേലിൽ എത്തിയതായി അക്സിയോസ് റിപ്പോർട്ട് ചെയ്തു. മുൻകൂട്ടി അറിയിക്കാതെ ഉള്ള സന്ദർശനം ആണെന്നാണ് റിപ്പോർട്ട്. ഇത് സമാധാന ചർച്ചകളുടെ ഭാഗമാണെന്നാണ് സൂചന. അതിനിടെ ലോകത്തെ മുഴുവൻ ഇന്‍റർനെറ്റും സ്തംഭിപ്പിക്കുന്ന തരത്തിൽ ഹോർമൂസിലൂടെ കടന്നു പോകുന്ന ഇന്‍റർനെറ്റ് ശൃംഖലയെ ലക്ഷ്യമിടുമെന്ന പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam