വെടിനിർത്തലിനിടെ റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ൻ; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ

Published : Mar 05, 2022, 06:07 PM ISTUpdated : Mar 05, 2022, 06:10 PM IST
വെടിനിർത്തലിനിടെ റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ൻ; മാനുഷിക ഇടനാഴി സുരക്ഷിതമെന്ന് റഷ്യ

Synopsis

ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് കുറ്റപ്പെടുത്തി.

മോസ്കോ: യുദ്ധം തുടങ്ങി പത്താം നാൾ യുക്രെയ്നിൽ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. അസോവ കടൽ തീരത്തെ മരിയോപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് വെടിനിർത്തൽ. എന്നാൽ മാനുഷിക ഇടനാഴിയിൽ റഷ്യ ആക്രമണം തുടരുന്നതിനാൽ ഒഴിപ്പിക്കൽ യുക്രൈൻ നിർത്തിവെച്ചു. മനപ്പൂർവം ഒഴിപ്പിക്കൽ വൈകിപ്പിക്കുകയാണ് യുക്രെയ്നെന്നാണ് റഷ്യൻ ആരോപണം.

ക്രൈമിയക്കും വിമത മേഖലയായ ഡോൺബാസിനുമിടയിൽ അസോവ കടൽ തീരത്ത് റഷ്യക്ക് തടസ്സം മരിയുപോൾ നഗരമാണ്. അത് മുഴുവനായി പിടിച്ചെടുക്കാനാണ് ആക്രമണം ശക്തമാക്കി റഷ്യൻ മുന്നേറ്റം. നാലര ലക്ഷത്തോളം പേർ താമസിക്കുന്ന മരിയുപോളിൽ നിന്നും ഡോൺബാസിനോട് ചേർന്ന വോൾനോവാഖയിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനാണ് പ്രാദേശിക സമയം രാവിലെ പത്ത് മണിക്ക് താത്കാലിക വെടിനിർത്തൽ റഷ്യ പ്രഖ്യാപിച്ചത്. ആറ് മണിക്കൂർ നേരത്തേക്കാണ് വെടിനിർത്തൽ. മാനുഷിക ഇടനാഴിയിലൂടെ പരമാവധിപേരെ ഒഴിപ്പിക്കാമെന്നും നിർദേശം വന്നു.

എന്നാൽ റഷ്യ വാക്കുപാലിച്ചില്ലെന്നാണ് യുക്രൈൻ വാദം. മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ട സാപ്രോഷ്യ നഗരത്തിനിടയിൽ പലയിടത്തും റഷ്യൻ ആക്രമണം തുടരുകയാണ്. ഷെല്ലിങ് നിർത്താത്ത ഇടത്ത് എങ്ങനെ ആളുകൾ പുറത്തിറങ്ങുമെന്ന് മരിയുപോൾ മേയർ ചോദിച്ചു. എന്നാൽ മാനുഷിക ഇടനാഴി സുരക്ഷിതമാണെന്നും ഒഴിപ്പിക്കൽ മനപ്പൂർവം തടസ്സപ്പെടുത്തുകയാണ് യുക്രൈനെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് കുറ്റപ്പെടുത്തി.

സുമിയിലും കാർകീവിലും ചെർണിഹീവിലുമെല്ലാം ആക്രമണം തുടരുകയാണ്. റഷ്യൻ നിയന്ത്രണത്തിലായ കേഴ്സനിലും മെലിറ്റോപോളിലും സൈന്യത്തിനെതിരെ യുക്രൈൻ ജനത തെരുവിലിറങ്ങി. യുക്രൈൻ വിട്ടോടിയവരുടെ സംഖ്യ പത്ത് ലക്ഷം കടന്നിട്ടുണ്ട്. നാട് വിട്ട് പാലായനം ചെയ്യേണ്ടി വന്നവർക്ക് വൈകാതെ തിരിച്ചുവരാനാകുമെന്നാണ് പ്രസിഡന്‍റ് സെലൻസ്കിയുടെ ശുഭാപ്തി വിശ്വാസം.

റഷ്യക്കെതിരെ നാറ്റോ രാജ്യങ്ങൾ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന യുക്രൈൻ ആവശ്യം ഇന്നലെ അംഗരാജ്യങ്ങൾ തളളിയിരുന്നു. യുക്രൈനിൽ ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നാണ് റഷ്യൻ മറുപടി.

PREV
Read more Articles on
click me!

Recommended Stories

തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം, കാറിനെ ഇടിച്ചിട്ട് എമ‍ർജൻസി ലാൻഡിങ്; സംഭവം ഫ്ലോറിഡയിൽ- VIDEO
ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം