
ദില്ലി: ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരം. കവചിത വാഹനങ്ങൾ മുതൽ മിസൈലുകൾ വരെ എല്ലാത്തരം ആയുധങ്ങളും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും യുക്രൈന് നൽകി. റഷ്യയുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ പ്രധാന കാരണം ഈ ആയുധ സഹായമാണ്.
റഷ്യയുടെ അധിനിവേശത്തോട് ചെറുത്തു നിൽക്കാൻ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നൽകിയ ആയുധങ്ങളിൽ പ്രധാനം അത്യന്താധുനിക യുദ്ധടാങ്കുകൾ ആണ്. ഏറ്റവും ഒടുവിൽ അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകൾ. ഒരു കോടി അമേരിക്കൻ ഡോളർ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകൾ ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടന്റെ 14 ചലഞ്ചർ 2 ടാങ്കുകൾ, ജർമനിയുടെ 14 ലെപ്പേഡ് 2 ടാങ്കുകൾ എന്നിവയും അടുത്തിടെ യുക്രൈന് ലഭിച്ചു. റഷ്യയുടെ ആക്രമണം തുടങ്ങും മുൻപ് യുക്രൈന്റെ പക്കൽ ഉണ്ടായിരുന്നത് സോവിയറ്റ് കാലത്തെ ഏതാനും ടി 72 ടാങ്കുകൾ മാത്രമായിരുന്നു. 1970 കളിൽ നിർമിക്കപ്പെട്ട ടി 72 വിനെ അപേക്ഷിച്ചു എത്രയോ ആധുനികമായ യുദ്ധടാങ്കുകളാണ് ഇന്ന് യുക്രൈന്റെ പക്കൽ ഉള്ളത്. അമേരിക്ക നൽകുന്ന എബ്രാംസ് ലോകത്തെ ഏറ്റവും ആധുനികമായ യുദ്ധടാങ്കുകളാണ്.
നാറ്റോ രാജ്യങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകൾ ഇന്ന് യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. ടാങ്കുകൾ മാത്രമല്ല കവചിത വാഹനങ്ങളുടെയും വലിയ ശേഖരം ഇന്ന് യുക്രൈന്റെ പക്കൽ ഉണ്ട്. അമേരിക്ക ഏറ്റവും ഒടുവിൽ യുക്രൈന് നൽകിയത് 90 സ്‌ട്രൈക്കർ കവചിത വാഹനങ്ങളാണ്. 59 ബ്രാഡ്‌ലെ ഫൈറ്റിംഗ് വെഹിക്കിൾസും അമേരിക്ക യുക്രൈന് നൽകി.
പേട്രിയറ്റ് മിസൈൽ സംവിധാനം യുക്രൈന് നൽകുമെന്ന് അമേരിക്ക ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. നൂറു കിലോമീറ്റർ പരിധിയിൽ ലക്‌ഷ്യം തകർക്കാൻ ശേഷിയുള്ള പേട്രിയറ്റ് മിസൈൽ സംവിധാനം യുക്രൈന് വലിയ രക്ഷയാകുമെന്നതിൽ സംശയമില്ല. സോവിയറ്റ് കാലത്തെ S300 മിസൈൽ സംവിധാനം മാത്രമാണ് മുൻപ് യുക്രൈന് ഉണ്ടായിരുന്നത്.
അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷത്തിൽ യുക്രൈന് ആയുധ സഹായം നൽകിയിട്ടുണ്ട്. ഒന്പതായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയയും കാനഡയും അമേരിക്കയും യുക്രൈന് നൽകിയ സുപ്രധാനമായ ആയുധമാണ് M777 howitzer. ഒന്നര പതിറ്റാണ്ടായി ലോകത്തെ പ്രധാന സൈന്യങ്ങൾ എല്ലാം ഉപയോഗിക്കുന്ന ഈ ആയുധം യുക്രൈന് റഷ്യയ്ക്ക് എതിരായ ചെറുത്തുനില്പിൽ ഏറെ സഹായകമായി. ദീർഘദൂര റോക്കറ്റുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും വലിയ ശേഖരം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് യുക്രൈന് ലഭിച്ചു.
എന്നാൽ യുക്രൈന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് ഇപ്പോഴും നാറ്റോ രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അത്യന്താധുനിക യുദ്ധവിമനങ്ങൾ നൽകണം എന്നതാണ് അത്. യുദ്ധവിമാനങ്ങൾ ഉലഭിച്ചാൽ റഷ്യയിലേക്ക് കടക്കന്നുകയറി 'യുക്രൈൻ ആക്രമണം നടത്തുമെന്ന് രാജ്യനഗൽ ഭയക്കുന്നു. അത് യുദ്ധത്തെ മറ്റൊരു തലത്തിൽ എത്തിക്കുമെന്ന ആശങ്ക കാരണമാണ് യുദ്ധ വിമാനങ്ങൾ നൽകാത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam