ജോ ബൈഡന്‍റെ കീവിലെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ, ആണവ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്
ദില്ലി: യുക്രെയ്ൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ, റഷ്യൻ പ്രസിഡന്റുമാർ തമ്മിൽ വാക്പോര്. യുദ്ധത്തിന് കാരണക്കാർ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമെന്ന പുടിന്റെ വാദത്തിന് മറുപടിയുമായി ജോ ബൈഡൻ രംഗത്ത് വന്നു. ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് തിരിച്ചടിച്ചു.
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ കീവിലെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ, ആണവ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്. ഇന്നലെ റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സഭയെ അഭിസംബോധന ചെയ്ത പുടിൻ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും എതിരെ നടത്തിയത് രൂക്ഷമായ വിമർശനങ്ങളായിരുന്നു. യുക്രെയ്ൻ യുദ്ധത്തിന് കാരണക്കാർ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണെന്നും പുടിൻ ആരോപണം ഉന്നയിച്ചിരുന്നു.
പുടിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് ജോ ബൈഡനും രംഗത്തെത്തി. പോളണ്ടിൽ നിന്നായിരുന്നു ബൈഡൻ പുടിന് മറുപടി നൽകിയത്. ലോകം അടക്കി ഭരിക്കാമെന്ന വ്യാമോഹം തകർന്നതാണ് പുടിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബൈഡൻ തുറന്നടിച്ചു. നാറ്റോ സഖ്യം മുൻപില്ലാത്ത വിധം ശക്തിപ്പെട്ടിരിക്കുകയാണ്. യുക്രെയ്നിൽ വിജയിക്കാൻ റഷ്യക്കാവില്ലെന്നും പുടിൻ പറഞ്ഞു. ധീരവും അന്തസുറ്റതുമായ നിലപാടാണ് കീവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ജോ ബൈഡൻ പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു വർഷം തികയാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് രണ്ട് ശാക്തിക രാജ്യങ്ങളുടെ നേതാക്കൾ തമ്മിലുള്ള വാക്പോര്. ഇതിനിടെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് അടുത്തമാസം മോസ്കോയിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
