
കൈവ് : വോഗ് മാഗസിന്റെ കവര്‍ സ്റ്റോറിയിൽ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് യുക്രൈൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കിയും ഭാര്യ ഒലേന സെലൻസ്കയുമാണ്. റഷ്യ - യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ദമ്പതികളുടെ വോഗിലെ കവറിന് എന്നാൽ സമ്മിശ്ര പ്രതികരണമാണ്. കൈവിൽ വച്ച് ഇരുവരും വോഗിന് അഭിമുഖം നൽകി. 150 ദിവസത്തിലേറെയായി യുക്രൈനിൽ യുദ്ധം തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്.
പോര്‍ട്രെയ്റ്റ് ഓഫ് ബ്രേവറി (ധീരതയുടെ ചിത്രം) എന്ന് പേരിട്ട് സെലൻസ്കയുടെ ചിത്രവും വോഗ് നൽകിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഓഫീസിനുള്ളിൽ ഇരിക്കുന്ന ചിത്രവും ഒപ്പം തകര്‍ന്ന കപ്പലിന് മുന്നിൽ പട്ടാള വനിതകൾക്കൊപ്പം നിൽക്കുന്ന ചിത്രവും വോഗ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. യുദ്ധഘട്ടത്തിൽ ഒലേന സെലൻസ്ക നയതന്ത്രത്തിൽ സുപ്രധാന പങ്കുവഹിച്ചുവെന്ന് വോഗ് കുറിച്ചു.
എന്നാൽ ചിത്രങ്ങൾക്ക് സമ്മിശ്ര പതികരണമാണ് ലഭിക്കുന്നത്. ചിലര്‍ ഇതിനെ അതിമനോഹരമെന്നും ശക്തമെന്നും വിശേഷിപ്പിച്ചു. എന്നാൽ ചിലര്‍ വിമര്‍ശനവുമായെത്തി. രാജ്യം യുദ്ധം നയിക്കുമ്പോൾ ഇരുവരും മാഗസിനുവേണ്ടി പോസ് ചെയ്യുന്നുവെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. ശത്രുവിനെ വകവരുത്തുകയോ അല്ലെങ്കിൽ വോഗിനാൽ ചിത്രീകരിക്കപ്പെടുകയോ ചെയ്യാമെന്ന് ഒരാൾ കമന്റ് ചെയ്തു(During a way, you either shoot your opponent or get shot...by Vogue," ). "മുൻഗണനകൾ. യുദ്ധം തടയാൻ സെലെൻസ്‌കി നടത്തുന്ന ശ്രമങ്ങളെ ജനങ്ങൾ അഭിനന്ദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു വോഗ് കവർ തീർച്ചയായും അതിനെ സഹായിക്കും. സ്ലാവ ഉക്രെയ്നി - എന്ന് മറ്റൊരാൾ കുറിച്ചു.
യുദ്ധത്തെ കാൽപ്പനിക വൽക്കരിക്കുകയാണോ വോഗ് എന്ന് ഒരാൾ പ്രതികരിച്ചപ്പോൾ മോശമെന്ന് മറ്റുചിലര്‍ കമന്റ് ചെയ്തു. ഇതൊരു തമാശയാണോ എന്നാണ് ചിലരുടെ ചോദ്യം. രാജ്യത്തെ ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ അവര്‍ ഫോട്ടോഷൂട്ട് ചെയ്യുന്നുവെന്ന ആക്ഷേപമാണ് മറ്റു ചിലര്‍ ഉയര്‍ത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam