തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് ഭക്ഷണവും മരുന്നുകളുമായി യുഎന്‍ ട്രക്കുകള്‍

By Web TeamFirst Published May 22, 2021, 2:45 PM IST
Highlights

ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സഹായം എത്തിച്ചത്. ഗാസയിലേക്കുള്ള കരേം ഷാലോം പാത ഇസ്രായേല്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ ട്രക്കുകള്‍ ഗാസയിലെത്തിയത്. 

ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ, വ്യോമാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയിലേക്ക് സഹായങ്ങള്‍ എത്തിത്തുടങ്ങി. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സഹായം എത്തിച്ചത്. ഗാസയിലേക്കുള്ള കരേം ഷാലോം പാത ഇസ്രായേല്‍ വീണ്ടും തുറന്നതിനെ തുടര്‍ന്നാണ് മരുന്നുകള്‍, ഭക്ഷണം, ഇന്ധനം എന്നിവ അടങ്ങിയ ട്രക്കുകള്‍ ഗാസയിലെത്തിയത്. 

അതിനിടെ, പരിക്കേറ്റവരെ നീക്കം ചെയ്യുന്നതിന് ആരോഗ്യ ഇടനാഴി തുറക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രായേല്‍ തകര്‍ത്തിരുന്നു. ബാക്കിയുള്ള 13 ആരോഗ്യകേന്ദ്രങ്ങളാവട്ടെ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് അടിയന്തിരമായി മരുന്നുകളും ആരോഗ്യപ്രവര്‍ത്തകരും എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. 

വ്യോമാക്രമണത്തെ തുടര്‍ന്ന് വീടുവിട്ടുപോയ ആയിരക്കണക്കിന് ഫലസ്തീനികള്‍ സ്വന്തമ വീടുകളില്‍ എത്തിത്തുടങ്ങിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്ന ഗാസയുടെ പുനരുദ്ധാരണത്തിന് ഇനിയും ഏറെ കാലമെടുക്കുമെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. കൊവിഡ്  കൂടി വ്യാപിച്ചിരിക്കെ, ഇതിനകം തകര്‍ന്നടിഞ്ഞ ഗാസയിലെ ജീവിതം പഴയപടിയാക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യമായി വരുമെന്നും ഹമാസ് അറിയിച്ചു. 

വീടുകളിലേക്ക് തിരിച്ചു വന്നവരുടെ അവസ്ഥ ദയനീയമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. വെള്ളമോ വൈദ്യുതിയോ പാചകവാതകമോ ഇല്ലാതെ അങ്ങേയറ്റം ബുദ്ധിമുട്ടിലാണ് ഇവര്‍. അതിനിടെ, ഒരു ലക്ഷത്തോളം പേര്‍ വീടു വിട്ട് പോവേണ്ടിവന്നുവെന്നും ഇവരില്‍ എണ്‍പതിനായിരം പേര്‍ക്ക് പൈപ്പ് വെള്ളം കിട്ടാക്കനിയാണെന്നും യുനിസെഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

പതിറ്റാണ്ടിലേറെയായി ഗാസ ഉപരോധത്തിന്റെ നിഴലിലാണ്. ആയുധം എത്തുന്നത് തടയാനെന്ന് പറഞ്ഞ് ഗാസയിലേക്ക് ആളുകളും സാധനങ്ങളും എത്തുന്നത് ഇസ്രായേലും ഈജിപ്തും തടഞ്ഞുവെച്ചിരിക്കുകയാണ്. 

ഇസ്രായേല്‍ ആക്രമണങ്ങളില്‍ വീടില്ലാതായ ആയിരക്കണക്കിനാളുകള്‍ക്ക് അഭയസ്ഥാനം ഉണ്ടാക്കണമെന്ന് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സി ആവശ്യപ്പെട്ടു. അടിയന്തിരമവയി ഇതിന് 38 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും സംഘടന വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

ഇസ്രായേല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും 1800 വീടുകള്‍ വാസയോഗ്യമല്ലാതായാതായും ഇന്നലെ ഹമാസ് അറിയിച്ചിരുന്നു. രണ്ടാഴ്ച കൊണ്ടുണ്ടായ തകര്‍ച്ചയില്‍നിന്നും ഗാസ കരകയറണമെങ്കില്‍, വര്‍ഷങ്ങള്‍ എടുക്കുമെന്ന് റെഡ്‌ക്രോസ് മിഡില്‍ ഈസ്റ്റ് ഡയരക്ടര്‍ ഫബ്രിസിയോ കര്‍ബനി അറിയിച്ചു. 

click me!