
ദോഹ: ധനിക രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്ര സഭാ തലവൻ അന്‍റോണിയോ ഗുട്ടെറസ്. ഖത്തറിൽ ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗുട്ടെറസിന്റെ പരാമർശം. നിലനിൽപ്പിനായി പ്രയാസപ്പെടുന്ന പാവപ്പെട്ട രാജ്യങ്ങളെ ഉയർന്ന പലിശാനിരക്കും ഇന്ധന വൈദ്യുതി നിരക്കുകളും കൊണ്ട് ശ്വാസം മുട്ടിക്കുകയാണ് ഇവർ ചെയ്യുന്നത് എന്നായിരുന്നു ഗുട്ടെറസിന്റെ പരാമർശം.
കടക്കെണിയിൽ പെട്ടുലയുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമിക ഉത്തരവാദിത്തം ധനിക രാജ്യങ്ങൾക്കും കുത്തകകൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് സമ്പന്ന രാജ്യങ്ങൾ പ്രതിവർഷം 500 ബില്യൺ ഡോളർ നൽകണം. ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ദരിദ്ര രാജ്യങ്ങളോടുള്ള ശക്തരായ രാജ്യങ്ങളുടെ പെരുമാറ്റത്തെ ഗുട്ടെറസ് വിമര്‍ശിച്ചു.
ആഗോള സാമ്പത്തിക സംവിധാനം രൂപകല്പന ചെയ്തത് സമ്പന്ന രാജ്യങ്ങളാണ്. പ്രധാനമായും അവരുടെ പ്രയോജനത്തിനായി മാത്രമാണ് ഇത്. സമ്പന്ന രാജ്യങ്ങൾ അവരുടെ മൊത്ത ദേശീയ വരുമാനത്തിന്റെ 0.15-0.20 ശതമാനം ദരിദ്ര രാജ്യങ്ങള്‍ക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ (എൽഡിസി) ഉച്ചകോടി സാധാരണയായി ഓരോ 10 വർഷത്തിലും നടത്താറുണ്ട്.
എന്നാൽ, കൊവിഡ് കാരണം 2021 മുതൽ രണ്ടു തവണ ഉച്ചകോടി നടത്താൻ സാധിച്ചില്ല. ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുള്ള അഫ്ഗാനിസ്ഥാനും മ്യാൻമറും ദോഹയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുത്തില്ല. അവരുടെ സർക്കാരുകളെ യുഎൻ അംഗങ്ങൾ അംഗീകരിക്കാത്തതാണ് കാരണം. ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളാരും ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam