
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗീകാരം നൽകി. ബ്രിട്ടൻ, ഫ്രാൻസ്, സൊമാലിയ ഉൾപ്പെടെ 13 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആരും എതിർത്ത് വോട്ട് ചെയ്തില്ല. ഹമാസിനെ നിരായുധീകരിക്കുക, ഗാസയിൽ അന്താരാഷ്ട്ര സേനയെ വിന്യസിക്കുക, ഗാസയുടെ ഭരണ നിർവഹണത്തിന് പ്രത്യേക സമിതി ഉണ്ടാക്കുക തുടങ്ങി ഇരുപത് നിർദേശങ്ങൾ ആയിരുന്നു ട്രംപ് മുന്നോട്ടുവെച്ചത്.
ഭാവിയിൽ ഒരു പലസ്തീൻ രാഷ്ട്രം എന്ന സാധ്യതയെ പറ്റി പദ്ധതിയിൽ പറയുന്നുണ്ട്. അറബ് രാജ്യങ്ങളുടെ സമ്മർദ്ദത്തെത്തുടർന്ന് ആണ് ഇത് ഉൾപ്പെടുത്തിയത്. എന്നാൽ, പലസ്തീൻ രാഷ്ട്രം എന്ന നിർദേശത്തെ ഇസ്രായേൽ ശക്തമായി എതിർക്കുന്നുണ്ട്. ഇതിനിടയിലാണ് യുഎൻ രക്ഷാ സമിതി സമാധാന പദ്ധതി അംഗീകരിച്ചിരിക്കുന്നത്. സമാധാന പദ്ധതിയെ പിന്തുണയ്ക്കില്ല എന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കൂടുതൽ പലസ്തീനികളുമായുള്ള ചാർട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് ദക്ഷിണാഫ്രിക്ക വ്യക്തമാക്കിയതാണ്. ഗാസയിൽ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാർ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ പ്രതികരണം. ഏതാനും ദിവസങ്ങൾക്ക് മുൻപ് ജൊഹനാസ്ബർഗിലെ ഒ ആർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഫ്രാൻസിന്റെ വിമാനത്തിലാണ് 153 പലസ്തീൻ സ്വദേശികളെത്തിയത്. ഈ വിമാനം ഗാസയിൽ നിന്നും വെസ്റ്റ്ബാങ്കിൽ നിന്നും പലസ്തീനുകാരെ ഒഴിപ്പിക്കുന്നതിനുള്ള ഗൂഡാലോചനയുടെ ഭാഗമെന്നാണ് ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യമന്ത്രി റൊണാൾഡ് ലമോള തിങ്കളാഴ്ച പ്രതികരിച്ചത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ ആരോപണത്തേക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. എന്നാൽ 153 പലസ്തീൻ സ്വദേശികളെ സ്വീകരിക്കാമെന്ന് ദക്ഷിണാഫ്രിക്ക സമ്മതിച്ചിരുന്നുവെന്നാണ് ഇസ്രയേൽ വിശദമാക്കുന്നത്. ഇസ്രയേലിലെ റാമോൺ വിമാനത്താവളത്തിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബി വഴിയാണ് സംഘം രാജ്യത്തേക്ക് പറന്നതെന്ന് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദമാക്കുന്നത്. മുൻകൂട്ടി അറിയിക്കുകയോ ഏകോപിപ്പിക്കുകയോ ചെയ്യാതെ ആയിരുന്നു ഇതെന്നും പലസ്തീൻ എംബസി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗാസയിലെ പൗരന്മാരുടെ അവസ്ഥ ചൂഷണം ചെയ്യപ്പെട്ടുവെന്നും രജിസ്റ്റർ ചെയ്യാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു സംഘടനയാണ് ഇതിന് പിന്നിലെന്നും പലസ്തീൻ കുടുംബങ്ങളിൽ നിന്ന് പണം പിരിച്ച ശേഷം നിരുത്തരവാദപരമായി ദക്ഷിണാഫ്രിക്കയിലേക്ക് അയച്ചുവെന്നാണ് ദക്ഷിണാഫ്രിക്കയിലെ പലസ്തീൻ എംബസി വിശദമാക്കുന്നത്, വ്യാഴാഴ്ചയാണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 153 പലസ്തീൻകാരുമായി ചാർട്ടേഡ് വിമാനം ദക്ഷിണാഫ്രിക്കയിലെത്തിയത്.