
ദില്ലി: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്ന് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും. മാറുന്ന കാലത്തിനനുസരിച്ച് സ്ഥിരം സമിതിയും രക്ഷാസമിതിയും പുനസംഘടിപ്പിക്കണമെന്നാണ് 3 രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടിരിക്കുന്നത്. പലസ്തീന് പൂർണ്ണ യു എൻ അംഗത്വം നൽകണമെന്നും മൂന്ന് രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഏകപക്ഷീയ താരിഫുകൾക്കെതിരെ ഒന്നിച്ചു നിൽക്കാൻ മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിൽ ധാരണയായി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളെ നേരിടാൻ കൂടിയാണ് ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും കൂട്ടായി തീരുമാനിച്ചിരിക്കുന്നത്.
അതേസമയം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിക്കുമെന്ന അമേരിക്കൻ ഭീഷണി തുടരുകയാണ്. ഇന്ത്യ അടക്കം രാജ്യങ്ങൾക്ക് പകരം ക്രൂഡ് ഓയിൽ നൽകാൻ തയ്യാറാണെന്നാണ് അമേരിക്കയുടെ പക്ഷം. യു എസിന്റെ പങ്കാളി രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മാർക്കോ റൂബിയോ പറഞ്ഞിരുന്നു. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ വഴിയും തേടേണ്ടതുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നതിൽ അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. മാർക്കോ റൂബിയോയുമായി എസ് ജയശങ്കർ നടത്തിയ ചർച്ചയിൽ അധിക താരിഫ് നീക്കം അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിൽ ഇത് ചൂണ്ടിക്കാട്ടിയ ഡോണൾഡ് ട്രംപ് വൈകാതെ ഇക്കാര്യം തീരുമാനിക്കും എന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും ഡോണൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉയർന്നുവന്നോ എന്ന് രണ്ട് രാജ്യങ്ങളും വിശദീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam