ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ ആന്ത്രോപിക് എഐ ഡാറ്റാ സെന്‍ററുകൾക്കായി 'ഗ്യാസ് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ലീഡ്' എന്ന തസ്തികയിലേക്ക് ജീവനക്കാരെ തേടുന്നു. കോടികൾ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഈ ജോലിക്ക് പ്രകൃതിവാതകം തടസ്സമില്ലാതെ ലഭ്യമാക്കുക എന്നതാണ് പ്രധാന ചുമതല.

എഐയുടെ വരവോടെ ഐടി പ്രൊഫഷണലുകൾ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. ഇതിനിടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക് പുതിയൊരു വിചിത്ര ജോലി ഒഴിവുമായി രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചു. എഐ ഡാറ്റാ സെന്‍ററുകൾക്ക് ആവശ്യമായ പ്രകൃതിവാതകം ഉറപ്പാക്കാൻ കമ്പനി ഒരു വിദഗ്ദനെ തേടുകയാണ്. വർഷം 3.2 ലക്ഷം മുതൽ 4.05 ലക്ഷം ഡോളർ വരെ (ഏകദേശം 2.9 കോടി മുതൽ 3.6 കോടി രൂപ വരെ) ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്!

ഗ്യാസ് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ലീഡ്

ക്ലോഡ് എഐയുടെ നിർമാതാക്കളായ ആന്ത്രോപിക് അമേരിക്കയിലും കാനഡയിലുമുള്ള പ്രവർത്തനങ്ങൾക്കായാണ് 'ഗ്യാസ് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ലീഡ്' തസ്തികയിലേക്ക് നിയമനം നടത്തുന്നത്. എഐ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ഡാറ്റാ സെന്‍ററുകൾക്ക് വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്. ചില കേന്ദ്രങ്ങളിൽ പരമ്പരാഗത വൈദ്യുതി ശൃംഖലയെ മാത്രം ആശ്രയിക്കാതെ പ്രകൃതിവാതകം ഉപയോഗിച്ച് നേരിട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അതിനാൽ തടസ്സമില്ലാതെ വാതകം ലഭ്യമാക്കുക എന്നതാണ് പുതിയ ഉദ്യോഗസ്ഥന്‍റെ പ്രധാന ചുമതല.

വലിയ ജോലി

വാതക വിതരണ കരാറുകൾ ചർച്ചചെയ്ത് ഉറപ്പാക്കുക, പൈപ്പ്‌ലൈൻ ഗതാഗതശേഷി വിലയിരുത്തുക, പുതിയ ഡാറ്റാ സെന്‍ററുകൾക്ക് ആവശ്യമായ ഇന്ധനലഭ്യത പരിശോധിക്കുക, വിതരണ തടസ്സങ്ങൾ മുൻകൂട്ടി കണ്ടെത്തി ബദൽ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയവയും ജോലിയുടെ ഭാഗമാണ്. പ്രകൃതിവാതക മേഖല, പൈപ്പ്‌ലൈൻ പ്രവർത്തനം, ഇന്ധനം വാങ്ങൽ തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് എട്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. എഐയുടെ വളർച്ചയ്ക്ക് ആവശ്യമായ കമ്പ്യൂട്ടിങ് ശേഷി വികസിപ്പിക്കുമ്പോൾ വൈദ്യുതിയും ഇന്ധനവും നിർണായക ഘടകങ്ങളായി മാറുകയാണ്. പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് കാർബൺ പുറന്തള്ളലിനെക്കുറിച്ചുള്ള പരിസ്ഥിതി ആശങ്കകളും ഉയർത്തുന്നുണ്ട്. ഒപ്പം അവയുടെ ലഭ്യതയെ കുറിച്ചും ഇതിനകം പലരും ആശങ്കകൾ പ്രകടിപ്പിച്ച് രംഗത്തെത്തി.