
കാബൂൾ: താലിബാനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ നിലപാട് പ്രഖ്യാപിച്ച് അമേരിക്കയും ബ്രിട്ടനും. മനുഷ്യാവകാശലംഘനം അനുവദിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അഫ്ഗാൻ ജനത അന്തസ്സോടെ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാൻ്റെ അയൽരാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കണമെന്നും അമേരിക്ക അഭ്യർത്ഥിക്കുന്നു. താലിബാൻ ദോഹ ധാരണ ലംഘിച്ചെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയും കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്‍റെ താവളമാക്കി മാറ്റാതിരിക്കാൻ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.
അഫ്ഗാനിസ്ഥാനിൽ മനുഷ്യവകാശം സംരക്ഷിക്കണമെന്ന് സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു. അഫ്ഗാൻ വിഷയം ഐക്യരാഷ്ട്ര രക്ഷാസമിതി ചർച്ച ചെയ്യുകയാണ്. ഇന്ത്യയുടെ യുഎൻ പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്. താലിബാൻ ധാരണ പാലിച്ചില്ലെന്ന് യുഎന്നിലെ അഫ്ഗാൻ അംബാസഡർ യോഗത്തിൽ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ ഹമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എയർപോർട്ട് നിയന്ത്രണം പൂർണ്ണമായും യുഎസ് സേന ഏറ്റെടുക്കും ഇതിന് ശേഷമായിരിക്കും പ്രവർത്തനം പുനരാരംഭിക്കുക. കാബൂൾ വിമാനത്താവളത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നാണ് അമേരിക്കയുടെ അറിയിപ്പ്.
അഫ്ഗാൻ വ്യോമമേഖല പൂർണ്ണമായി അടച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങൾ ഇപ്പോൾ അഫ്ഗാന്റെ ആകാശം ഒഴിവാക്കി പറക്കുന്നു. അമേരിക്ക അവരുടെ എല്ലാ ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചെങ്കിലും മറ്റ് അറുപതോളം രാഷ്ട്രങ്ങളുടെ പൗരന്മാർ ഇപ്പോഴും കാബൂളിൽ ഉണ്ട്.
അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞു. വിദേശികളെ ആക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നുമാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറയുന്നത്.
അതിനിടെ അഫ്ഗാൻ സൈനിക വിമാനം ഉസ്ബെക്കിസ്ഥാനിൽ തകർന്നുവീണുവെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഉസ്ബൈക്ക് ഭാഗത്താണ് വിമാനം തകർന്നുവീണത്. രണ്ട് അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നും പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉസ്ബെക്കിസ്ഥാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
താലിബാൻ ഭരണത്തിലായ അഫ്ഗാനിൽ നിന്ന് കൂട്ടപലായനമാണ് നടക്കുന്നത്. കാബൂൾ വിമാനത്താവളത്തിലേക്ക് ജനം ഇരച്ചുകയറുകയായിരുന്നു. തിക്കിലും തിരക്കിലും വെടിവയ്പ്പിലും 5 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനങ്ങളുടെ യന്ത്രഭാഗങ്ങളിൽ പിടിച്ചിരുന്ന് യാത്രയ്ക്ക് ശ്രമിച്ച 3 പേർ വീണുമരിച്ചു.
രാജ്യംവിട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി അമേരിക്കയിലേക്ക് പോയതായാണ് റിപ്പോർട്ട്. അയൽരാജ്യമായ താജികിസ്താനിലേക്ക് ഗനി പോയെങ്കിലും അവിടെ താങ്ങാൻ അനുമതി കിട്ടിയില്ല. തുടർന്നാണ് ഒമാൻ വഴി അമേരിക്കയിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam