ഭൈരഹവയിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡിസംബർ 17-നാണ് ആനകളെ ദോഹയിൽ എത്തിച്ചത്.

ദോഹ: ഖത്തറും നേപ്പാളും തമ്മിലുള്ള നയതന്ത്ര സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായി നേപ്പാൾ സമ്മാനിച്ച രണ്ട് ഏഷ്യൻ ആനകൾ ഖത്തറിലെത്തി. നേപ്പാളിലെ ചിത്വാൻ നാഷണൽ പാർക്കിൽ നിന്നുള്ള 'രുദ്ര കാളി' എന്ന ഏഴ് വയസ്സുകാരിയായ പെൺ ആനയും 'ഖഗേന്ദ്ര പ്രസാദ്' എന്ന ആറ് വയസ്സുകാരൻ കൊമ്പനുമാണ് പുതിയ അതിഥികളായി ഖത്തറിൽ എത്തിയത്. 2024-ൽ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നേപ്പാൾ സന്ദർശിച്ച വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ഈ അപൂർവ്വ സമ്മാനം കൈമാറിയത്. ഭൈരഹവയിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡിസംബർ 17-നാണ് ആനകളെ ദോഹയിൽ എത്തിച്ചത്. തുടർന്ന് അൽ ഖോർ പാർക്കിലെ പുതിയ വസതിയിലേക്ക് ആനകളെ മാറ്റിയതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. അൽ ഖോർ ഫാമിലി പാർക്കിൽ ഈ ആനകൾക്കായി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ താമസസ്ഥലം ഒരുക്കിയിട്ടുണ്ട്. നേപ്പാളിലെ തണുപ്പും ഈർപ്പവുമുള്ള സ്വാഭാവിക കാലാവസ്ഥ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന എയർ കണ്ടീഷൻഡ് എൻക്ലോഷറുകളാണ് പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

സജ്ജമാക്കിയത് എയർ കണ്ടീഷൻഡ് എൻക്ലോഷർ

ആനകളെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനായി നേപ്പാളിൽ നിന്നുള്ള പാപ്പാൻമാരും വെറ്റിനറി വിദഗ്ധരും ഒപ്പമുണ്ട്. ഇവർ ഒരു മാസത്തോളം ഖത്തറിൽ തുടരും. ചിത്വാൻ ദേശീയോദ്യാനത്തിലെ സൗരാഹയിലുള്ള ആന പ്രജനന പരിശീലന കേന്ദ്രത്തിലാണ് രണ്ട് ആനകളും ജനിച്ചത്. ഇരു ആനകൾക്കും കടും ചാരനിറമാണ്. ഏഴ് വയസ്സുള്ള രുദ്ര കാളിക്ക്‌ 1,200 കിലോഗ്രാം ഭാരവും, ആറ് വയസ്സുള്ള ഖഗേന്ദ്ര പ്രസാദിന് 1,190 കിലോഗ്രാം ഭാരവുമുണ്ട്. ആനകൾ ഉയർന്ന പരിശീലനം നേടിയവരാണെന്നും വേഗത്തിൽ പൊരുത്തപ്പെടാനുള്ള കഴിവിനു പുറമേ, പരിസ്ഥിതിയുമായും പൊതുജനങ്ങളുമായും നല്ല രീതിയിൽ ഇടപഴകാൻ കഴിവുള്ളവരാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി.

ആനകളുടെ വരവ് അൽ ഖോർ പാർക്കിന്റെ വിദ്യാഭ്യാസ, ടൂറിസ, വിനോദ മൂല്യം വർദ്ധിപ്പിക്കുകയും സന്ദർശകർക്ക് മികച്ച അനുഭവം നൽകുമെന്നും പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് അൽ ഖോർ പാർക്കിൽ ഈ പുതിയ അതിഥികളെ കാണാൻ സാധിക്കും. സന്ദർശകർക്ക് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ 'ഔൻ' (OUN) ആപ്പ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം