അപ്രതീക്ഷിത സാഹചര്യം, ആകാശത്ത് അജ്ഞാത ബലൂൺ എത്തുമെന്ന സംശയം; വ്യോമഗതാഗതം നിർത്തിവെച്ചു, ലിത്വാനിയയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published : Oct 05, 2025, 07:53 AM IST
flight

Synopsis

ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിൽ ബലൂണുകൾ പറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വ്യോമഗതാഗതം നിർത്തിവെച്ചു. ഇതേത്തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും മറ്റുചിലത് സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. 

ഓസ്‌ലോ/വിൽനിയസ്: വ്യോമാതിർത്തിയിൽ ബലൂണുകൾ പറക്കാൻ സാധ്യതയുണ്ടെന്നതിനെ തുടർന്ന് ലിത്വാനിയയിലെ വിൽനിയസ് വിമാനത്താവളത്തിൽ വ്യോമഗതാഗതം നിർത്തിവെച്ചു. ഇതേത്തുടർന്ന് വിമാനങ്ങൾ സമീപ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ ശനിയാഴ്ച രാത്രി വൈകി അറിയിച്ചു. അടുത്തിടെയായി യൂറോപ്പിലെ വ്യോമഗതാഗതം ഡ്രോണുകൾ, മറ്റ് വ്യോമ അതിക്രമങ്ങൾ എന്നിവ കാരണം ആവർത്തിച്ച് തടസപ്പെട്ടിരുന്നു. കോപ്പൻഹേഗൻ, മ്യൂണിക്ക് തുടങ്ങിയ വിമാനത്താവളങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

"വിൽനിയസ് വിമാനത്താവളത്തിലേക്ക് ഒരു കൂട്ടം ബലൂണുകൾ നീങ്ങാൻ സാധ്യതയുണ്ടെന്നതിനാലാണ് ഈ തീരുമാനം എടുത്തത്" വിമാനത്താവള ഓപ്പറേറ്റർ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഗ്രീൻവിച്ച് സമയം 23:40ന് (ഇന്ത്യൻ സമയം പുലർച്ചെ 5:10) വിമാനത്താവളം അറിയിച്ചതനുസരിച്ച്, അടച്ചിടൽ ഞായറാഴ്ച പുലർച്ചെ 4:30 (ഗ്രീൻവിച്ച് സമയം 01:30) വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. നേരത്തെ കണക്കാക്കിയിരുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂർ കൂടുതലാണിത്.

യാത്രക്കാർ വിമാനത്താവളത്തിന്‍റെ വെബ്സൈറ്റിലൂടെയും എയർലൈൻ അറിയിപ്പുകളിലൂടെയും വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുറപ്പെടാനുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും, വിമാനത്താവളത്തിലേക്ക് എത്തിച്ചേരേണ്ട മിക്ക വിമാനങ്ങളും സമീപ രാജ്യങ്ങളായ ലാത്വിയ, പോളണ്ട് എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. കോപ്പൻഹേഗനിൽ നിന്ന് വന്ന ഒരു വിമാനം തിരികെ ഡെൻമാർക്കിലേക്ക് പോയി.

ലിത്വാനിയ - ബെലാറസ് അതിർത്തിയിലെ ആശങ്ക

നാറ്റോ അംഗമായ ലിത്വാനിയ, തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഡ്രോണുകൾ പ്രവേശിച്ചതിനെത്തുടർന്ന് ഓഗസ്റ്റിൽ ബെലാറസ് അതിർത്തിക്ക് സമാന്തരമായി 90 കിലോമീറ്റർ (60 മൈൽ) നോ-ഫ്ലൈ സോൺ പ്രഖ്യാപിച്ചിരുന്നു. അതിക്രമങ്ങളോട് പ്രതികരിക്കാൻ ഇത് സൈന്യത്തിന് സഹായകമാകുമെന്നും രാജ്യം അറിയിച്ചു. യുക്രെയ്നിന്റെ ശക്തമായ പിന്തുണയുള്ള ലിത്വാനിയ, റഷ്യയുടെ അടുത്ത സഖ്യകക്ഷിയായ ബെലാറുസുമായി 679 കിലോമീറ്റർ (422 മൈൽ) അതിർത്തി പങ്കിടുന്നുണ്ട്. തലസ്ഥാനമായ വിൽനിയസ് അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും