അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ, വാർഷിക വിഹിതം അടയ്ക്കാതെ 130 രാജ്യങ്ങൾ; യുഎൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

Published : Feb 13, 2026, 11:07 AM IST
United Nations General Assembly

Synopsis

ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്ക ഉൾപ്പെടെ 130-ഓളം രാജ്യങ്ങൾ വാർഷിക ഫീസ് അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയതാണ് കാരണം. 

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വാർഷിക ഫീസ് കുടിശ്ശിക ഇതുവരെ അടയ്ക്കാത്തത് 130 ഓളം രാജ്യങ്ങളാണ്. അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളറാണ്. യുഎസ് വിഹിതം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

അമേരിക്ക നൽകാനുള്ള കുടിശ്ശിക എപ്പോൾ ലഭിക്കുമെന്നറിയാൻ കാത്തിരിക്കുകയാണെന്ന് യുഎൻ വക്താക്കൾ അറിയിച്ചു. ഇക്കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് യുഎൻ. യുഎന്നിന്റെ സാമ്പത്തിക നിയമങ്ങളിൽ മാറ്റം വരുത്തുകയോ 193 അംഗരാജ്യങ്ങളും കുടിശ്ശിക കൃത്യമായി അടയ്ക്കുകയോ ചെയ്തില്ലെങ്കിൽ സംഘടന സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയെ ലക്ഷ്യം വെച്ചായിരുന്നു ഈ പ്രസ്താവന.

യുഎന്നിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അമേരിക്ക 219.6 കോടി ഡോളർ നൽകാനുണ്ട്. ഇതിൽ 76.7 കോടി ഡോളർ ഈ വർഷം മാത്രം അടയ്‌ക്കേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാധാന ദൗത്യങ്ങൾക്കായി 180 കോടി ഡോളർ വേറെയും അമേരിക്ക നൽകാനുണ്ട്. ഈ തുക വരും ദിവസങ്ങളിൽ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.

രണ്ടാം സ്ഥാനത്ത് വെനസ്വേല

കുടിശ്ശിക വരുത്തിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള വെനസ്വേല 3.8 കോടി ഡോളറാണ് നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ മാറ്റങ്ങളും നേരിടുന്ന വെനസ്വേലയ്ക്ക് കുടിശ്ശിക കാരണം പൊതുസഭയിൽ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടമായി. ഫെബ്രുവരി 8-ലെ സമയപരിധിക്കുള്ളിൽ 60 രാജ്യങ്ങൾ മാത്രമാണ് തങ്ങളുടെ വാർഷിക വിഹിതം പൂർണമായും അടച്ചത്.

കുടിശ്ശികയുടെ ഒരു ഭാഗം വരും ആഴ്ചകളിൽ തന്നെ ട്രംപ് ഭരണകൂടം അടയ്ക്കുമെന്നാണ് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞത്. എന്നാൽ കൃത്യമായി എത്ര തുക നൽകുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്, അന്റോണിയോ ഗുട്ടെറസും മൈക്ക് വാൾട്ട്സും തമ്മിൽ ദീർഘനാളായി ആശയവിനിമയം നടത്തുന്നുണ്ടെന്നും തുക എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ കൃത്യമായ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നുമാണ്.

ജൂലൈ മാസത്തോടെ യുഎന്നിന്റെ പ്രവർത്തന ഫണ്ട് തീരാൻ സാധ്യതയുണ്ടെന്നും ഇത് സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഐക്യരാഷ്ട്രസഭ അതിന്റെ പൂർണമായ കഴിവ് പുറത്തെടുക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമർശനം. കഴിഞ്ഞ വർഷം അമേരിക്ക യുഎന്നിന് തുകയൊന്നും നൽകിയിരുന്നില്ല. കൂടാതെ ലോകാരോഗ്യ സംഘടന, യുനെസ്കോ തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2,000 വർഷം പഴക്കം; ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !
തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ, ക്യാപ്ടൻ അറസ്റ്റിൽ