
ടെഹ്റാൻ: ഇറാൻ - അമേരിക്ക സംഘർഷത്തിൽ ആക്രമണമില്ലാത്ത തുടർച്ചയായ രണ്ടാം ദിനവും കടന്നുപോയതിന്‍റെ ആശ്വാസത്തിൽ ലോകം. കഴിഞ്ഞ രണ്ട് രാത്രികളിലും അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയിട്ടില്ല. അമേരിക്ക ആക്രമണം അവസാനിപ്പിച്ചതോടെ തിരിച്ചടികൾ നിർത്തി എന്ന് ഇറാനും പ്രഖ്യാപിച്ചു. ഗൾഫിലെ തിരിച്ചടികൾക്കടക്കം താൽക്കാലിക ഇടവേളയായതോടെ ആശങ്കയും അകലുകയാണ്. ഹോർമൂസിൽ ഒമാൻ - ഇറാൻ കരാർ ഉടനെ ഉണ്ടായേക്കുമെന്നാണ് സൂചന. നിർത്തിവെച്ച എല്ലാ വിധ നാവിക പ്രവർത്തനങ്ങളും ഖത്തർ പുനരാരംഭിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കുചേർന്നെന്ന വാർത്തകൾ കുവൈത്ത് നിഷേധിച്ചു. അതിനിടെ കഴിഞ്ഞ ദിവസം മൊസാംബിക് പതാക വഹിച്ച കപ്പലാക്രമിച്ചത് തങ്ങളാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
അമേരിക്ക പൊടുന്നനെ ആക്രമണം അവസാനിപ്പിക്കാൻ പല കാരണങ്ങളാണ് സൂചിപ്പിക്കപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനം ഒമാനും ഇറാനും തമ്മിൽ ഹോർമൂസ് വിഷയത്തിൽ ഉരുത്തിരിയുന്ന ധാരണയാണ്. സുരക്ഷിത നാവിക ഗതാഗതം ഉറപ്പിക്കാനുള്ള കരാർ സാങ്കേതിക - രാഷ്ട്രീയ കൂടിയാലോചനാ ഘട്ടത്തിലാണെന്ന് ഇറാൻ സ്ഥിരീകരിച്ചു. ഇറാൻ നടത്തുന്ന തീവ്ര സ്വഭാവമുള്ള തിരിച്ചടികൾ കാരണം അതിവേഗം തീരുന്ന ആയുധ ശേഖരം സംബന്ധിച്ച ആശങ്കയെന്നും, ഇസ്രയേലുമായി കൂടിയാലോചനകൾ പൂർത്തിയകാനുള്ള കാത്തിരിപ്പെന്നും, യുദ്ധം അനിശ്ചിതമായി നീട്ടുന്നതിൽ അമേരിക്കൻ നേതൃത്വത്തിനിടയിലെ ഭിന്നാഭിപ്രായങ്ങളെന്നും വിവിധ റിപ്പോർട്ടുകളുമുണ്ട്. മേഖലയിലെ യുദ്ധം കാരണം നിർത്തിവെച്ച നാവിക പ്രവർത്തനങ്ങളാണ് ഖത്തർ പുനരാരംഭിച്ചത്. ഉരുത്തിരിയുന്ന കരാർ പ്രതീക്ഷകളെ ഇത് സജീവമാക്കുന്നു. ഇസ്രയേൽ വീണ്ടും യുദ്ധത്തിൽ പങ്ക് ചേർന്നാൽ വലിയ സംഘർഷമാകും ഫലമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. 13 ദിന സംഘർഷത്തിൽ 200 യു എസ് സൈനികർ കൊല്ലപ്പെട്ടെന്നും 11 പോർവിമാനങ്ങൾ തകർത്തെന്നുമാണ് ഇറാന്റെ അവകാശവാദം. അതിനിടെ ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും പങ്കുചേർന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് കുവൈത്ത് നിഷേധിച്ചു. ഒമാൻ കടലിൽ മൊസാംബിക് പതാക വഹിക്കുന്ന കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. എം ടി ലവൈൻ എന്ന കപ്പലാണിത്. 28 ഇന്ത്യൻ നാവികർ ഉള്ള മൊസാംബിക് പതാക വഹിക്കുന്ന കപ്പലാക്രമിക്കപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ രോഷത്തിന് ഇടയാക്കിയിരുന്നു. നാവികർ നിലവിൽ സുരക്ഷിതരാണ്. എം ടി ദിശയെന്ന എൽ പി ജി ടാങ്കറാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam