
വാഷിങ്ടണ്‍: ലോക ജനസംഖ്യയില്‍ നാല്‍പ്പത് മുതല്‍ എഴുപത് ശതമാനത്തോളം ആളുകള്‍ക്ക് ഈ വര്‍ഷം കൊവിഡ് 19( കൊറോണ വൈറസ്) പിടിപെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതിന് ചൈന ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍. ഹാര്‍വാര്‍ഡ് എപ്പിഡെമോളജിസ്റ്റ് മാര്‍ക് ലിപ്സിചിന്‍റെ കണ്ടെത്തലിനെ അടിസ്ഥാനമാക്കി ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എത്ര പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകും എന്നതില്‍ കൃത്യമായ കണക്ക് പറയാനാകില്ലെന്ന് ഹാര്‍വാര്‍ഡ് റ്റി എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ സെന്‍റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡൈനാമിക്സ് മേധാവിയായ ലിപ്സിച് പറഞ്ഞതായി 'ദി വാള്‍ സ്ട്രീറ്റ് ജേണലി'നെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ 40-70 ശതമാനം ആളുകള്‍ക്ക് രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ആളുകള്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടപ്പെടാമെന്നുമാണ് ലിപ്സിച് പറയുന്നത്. ഇതിനോട് സമാനമായ കണ്ടെത്തലുകളാണ് ബയോസ്റ്റാറ്റിസ്റ്റീഷ്യനും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യുഎച്ച്ഒ) ഉപദേശകയുമായ ഇറ ലോങിനി പങ്കുവെച്ചത്. ലോകജനസംഖ്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ആളുകള്‍ക്ക് കൊവിഡ് 19 ബാധിക്കുമെന്നാണ് ഇറയുടെ പ്രവചനം.
ലോകത്തിലെ 60 ശതമാനം മുതല്‍ 80 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് കൊവിഡ് 19 പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ഹോങ് കോങ് സര്‍വ്വകലാശാലയിലെ പബ്ലിക് ഹേല്‍ത്ത് മേധാവി പ്രൊഫസര്‍ ഗബ്രിയേല്‍ ലുങ് പറയുന്നു. അതേസമയം യുഎസില്‍ കൊവിഡ് 19 ബാധയെ പ്രതിരോധിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam