ബാഗ്ദാദിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ഇറാൻ പൗരസേനയുടെ ആറ് പേരെ വധിച്ചു

By Web TeamFirst Published Jan 4, 2020, 7:33 AM IST
Highlights

അയ്യായിരം യുവ അമേരിക്കൻ സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്. മേഖലയിൽ മൂവായിരം പേരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചതിന് പിന്നാലെയുള്ള ആക്രമണം മേഖല കൂടുതൽ സംഘർഷത്തിലേക്ക് പോകുമെന്നതിന്റെ മുന്നറിയിപ്പാണ്

ബാഗ്‌ദാദ്: ഇറാൻ പൗരസേനയ്ക്ക് എതിരെ ബാഗ്‌ദാദിൽ വീണ്ടും അമേരിക്കൻ ആക്രമണം. ഇറാൻ പൗരസേനയുടെ ആറ് പേരെ വധിച്ചു. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലാണ് യുഎസ് ആക്രമണമുണ്ടായതെന്ന് ഇറാഖ് സ്ഥിരീകരിച്ചു. രണ്ട് കാറുകൾ ആക്രമണത്തിൽ തകർന്നു . ഇറാന്റെ ചാരസേനാ തലവൻ ഖാസിം സൊലൈമാനിയെ വധിച്ച് 24 മണിക്കൂറിനുള്ളിലാണ് ആക്രമണം.

പുലർച്ചെ 1.15 ഓടെയായിരുന്നു അമേരിക്കയുടെ ആക്രമണം. പൗരസേനയ്ക്ക് എതിരെ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനയാണ് അമേരിക്ക ഈ നീക്കത്തിലൂടെ നൽകുന്നത്. ഈ സാഹചര്യത്തിൽ മേഖലയിൽ കലുഷിതമായ അന്തരീക്ഷമായിരിക്കും. രണ്ട് വാഹനങ്ങൾ ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ തകർന്നു. നാല് പേർക്ക് പരിക്കേറ്റു.

അതേസമയം അയ്യായിരം യുവ അമേരിക്കൻ സൈനികരാണ് ഇപ്പോൾ ഇറാഖിലുള്ളത്. മേഖലയിൽ മൂവായിരം പേരെ കൂടി വിന്യസിക്കാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഖാസിം സൊലൈമാനിയെ വധിച്ചത് യുദ്ധം തുടങ്ങാനല്ല, മറിച്ച് അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷ മുൻനിർത്തി സമാധാനത്തിന് വേണ്ടി നടത്തിയ ആക്രമണമെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. ഇസ്രയേൽ അനുകൂലിച്ചപ്പോൾ മറ്റ് ലോകരാഷ്ട്രങ്ങൾ ഖാസിം സൊലൈമാനിയുടെ വധത്തിൽ അപലപിക്കുകയായിരുന്നു. അതേസമയം ആയത്തുള്ള അലി ഖുമൈനി ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ ആക്രമണം.
 

click me!