വധിച്ചത് 'ഇറാന്‍റെ ജെയിംസ് ബോണ്ടിനെ'; ഇറാന്‍റെ സൈനിക ചിറക് അമേരിക്ക അരിയുമ്പോള്‍.!

By Web TeamFirst Published Jan 3, 2020, 9:36 PM IST
Highlights

ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനി ഗാര്‍ഡ് കോറിന്‍റെ മേജര്‍ ജനറലായിരുന്ന സൊലേമാനി 1998 മുതല്‍ ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറുമായിരുന്നു. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സേനയാണ് ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സ്. 

ടെഹ്റാന്‍: ഇറാന്‍റെ സൈനിക- സര്‍ക്കാര്‍ തലങ്ങളില്‍ ഏറ്റവും ശക്തന്‍ എന്നാണ് അമേരിക്കന്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനിയെ വിശേപ്പിക്കാന്‍ സാധിക്കൂ.  നിർണായക ശക്തിയായ സൊലൈമാനിയെ വധിക്കുന്നത് ഇറാന്‍റെ സൈനിക ശക്തിയുടെ ഒരു ചിറകരിയുന്നതിന് സമം എന്നാണ് അമേരിക്ക കണക്കൂകൂട്ടിയത്.  സൊലൈമാനിയുടെ സൈനിക മികവിൽ  ഇറാന്റെ പശ്ചമേഷ്യയിലെ ഇറാന്‍റെ വര്‍ദ്ധിച്ചുവരുന്ന ആധിപത്യം അമേരിക്കയില്‍ ആശങ്ക സൃഷ്ടിച്ചു എന്നതാണ് സത്യം. 1979ല്‍ ഇറാനിലുണ്ടായ ഇസ്‌ലാമിക വിപ്ലവത്തിനു പിന്നാലെ, രാജ്യത്തെ ആത്മീയ നേതൃത്വത്തിനു പ്രതിരോധമൊരുക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട രാജ്യത്തെ ഏറ്റവും ശക്തമായ സേനാ വിഭാഗത്തിന്‍റെ കമാൻഡറെ വധിച്ചതിന്‍റെ പ്രത്യാഘാതങ്ങൾ എന്തായാലും നേരിടാന്‍ ഉറച്ചാണ് അമേരിക്ക കാസിം സൊലേമാനിയെ ഇല്ലാതാക്കിയത്. ഇത് തന്നെ അദ്ദേഹം എത്ര ശക്തനാണ് എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ പേടിസ്വപ്‌നമായിരുന്നു കൊല്ലപ്പെട്ട കാസിം സൊലേമാനി. ഒന്ന് വിശേഷിപ്പിച്ചാല്‍ ഇറാന്‍റെ ജെയിംസ് ബോണ്ട്.

13 ാമത്തെ വയസില്‍ കുടുംബത്തെ സഹായിക്കാന്‍ നിര്‍മ്മാണത്തൊഴിലാളിയായി ജോലി ചെയ്ത കാസെം ഇറാനിയന്‍ സൈന്യത്തില്‍ ചേരുന്നത് 1979ലാണ്. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുല്ല  അലി ഖമനയിയുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടനായാണ് സൈന്യത്തില്‍ ചേര്‍ന്നത്.  ഇറാന്‍  ഇറാഖ് യുദ്ധത്തോട് അനുബന്ധിച്ചാണ് സൊലൈമാനി തന്‍റെ സൈനിക ജീവിതം ആരംഭിക്കുന്നത്. യുദ്ധകാലത്ത് കമാന്‍ഡറായിരുന്നു. യുദ്ധസമയത്ത് ഇറാഖ് അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങളിലൂടെ സൊലേമാനി ഹീറോയായി മാറി. 1988ല്‍ യുദ്ധം അവസാനിക്കുമ്പോള്‍ ഡിവിഷണല്‍ കമാന്‍ഡറായി സൊലേമാനി വളര്‍ന്നു.പിന്നീട് ഇറാഖ് പ്രസിഡന്‍റായിരുന്ന സദ്ദാം ഹുസൈനെതിരായി ഷിയ, കുര്‍ദ് സംഘങ്ങളെ സഹായിക്കുകയും ആയുധങ്ങള്‍ നല്‍കി പരിശീലിപ്പിക്കുകയും ചെയ്തു.

ഇറാന്‍റെ ഇസ്ലാമിക് റെവലൂഷനി ഗാര്‍ഡ് കോറിന്‍റെ മേജര്‍ ജനറലായിരുന്ന സൊലേമാനി 1998 മുതല്‍ ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാന്‍ഡറുമായിരുന്നു. രഹസ്യവും നിഗൂഢവുമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സേനയാണ് ഇറാന്‍റെ ഖുദ്‌സ് ഫോഴ്‌സ്. ഈ ചീത്തപ്പേരുള്ളതിനാല്‍ ഖുദ്‌സ് ഫോഴ്‌സിനെ ഭീകരസംഘടനയായാണ് യുഎസ് കാണുന്നത്. സൊലൈമാനിയെ ഭീകരനായും. അദ്ദേഹവുമായി വ്യാപാര  വ്യവസായ ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍നിന്ന് പൗരന്മാരെ യുഎസ് വിലക്കിയിട്ടുമുണ്ട്.

ലബനനില്‍ ഹിസ്ബുല്ല, പലസ്തീനില്‍ ഹമാസ് എന്നീ സംഘടനകള്‍ക്കും സഹായം നല്‍കുന്നതില്‍ സൊലേമാനി മുന്നിട്ടിറങ്ങി. ഇറാന്‍റെ പ്രധാന പങ്കാളിയായ സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിന് ആഭ്യന്തര യുദ്ധകാലത്ത് നിര്‍ണായക സഹായം നല്‍കി. 2014-15 കാലത്ത് ഭീകരസംഘടനയായ ഐഎസിനെ തകര്‍ക്കാന്‍ ഇറാഖ് സര്‍ക്കാരുമായും ഷിയ സേനകളുമായും കൈകോര്‍ത്തു.

സൊലേമാനിയെ കൊലപ്പെടുത്തിയത് ഇങ്ങനെ

ചിത്രം കടപ്പാട്-  dailymail

2007 മാര്‍ച്ചില്‍ യുഎന്‍ സുരക്ഷാ സമിതി ഉപരോധം ഏര്‍പ്പെടുത്തിയ ഇറാന്‍ പൗരന്മാരില്‍ ഒരാള്‍ സൊലേമാനി ആയിരുന്നു. 2011 മേയില്‍ വീണ്ടും യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തി രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്തി. നിരവധി തവണ സൊലൈമാനിക്കെതിരെ വധശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും പ്രചരിച്ചു. 2006ല്‍ വടക്കു പടിഞ്ഞാറന്‍ ഇറാനിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചെന്ന വാര്‍ത്ത പുറത്തുവന്നു. സൈനിക നേതൃനിരയിലുള്ള മറ്റുപലരും അന്നു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സിറിയന്‍ പ്രസിഡന്‍റ് അസദിന്‍റെ ഉന്നത സൈനിക നേതൃത്വത്തിനുനേരെ 2012ല്‍ ഡമാസ്‌കസില്‍ ഉണ്ടായ ബോംബ് ആക്രമണത്തിലും സൊലൈമാനി കൊല്ലപ്പെട്ടതായി വാര്‍ത്ത വന്നു. 2015 നവംബറില്‍ സിറിയയിലെ അലപ്പോയിലെ ആഭ്യന്തര യുദ്ധത്തില്‍ സൊലൈമാനി കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. ഇസ്രയേലി, അറബ് ചാരസംഘടനകളും സൊലൈമാനിയെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു.

ബാഗ്ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം ഒരു തിരിച്ചടി എല്ലാവരും പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഈ ആക്രമണമുണ്ടായത്. അമേരിക്കന്‍ ഇറാഖ് ബന്ധത്തിന് ഈ ആക്രമണം വിള്ളല്‍ വീഴ്ത്തുമെന്നാണ് ലോകം പറയുന്നത്.

"

click me!