17 വർഷത്തെ അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് ഒരു പ്രവാസി കുടുംബം ഇന്ത്യയിലേക്ക് മടങ്ങുന്നു. മകന് മികച്ച സാമൂഹികാന്തരീക്ഷം നൽകാനും സമാധാനപരമായ ജീവിതം നയിക്കാനുമായി പൂനെയിൽ സ്ഥിരതാമസമാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ഇതിനായി 4 കോടി രൂപ വരെ മുടക്കാൻ തയ്യാറാണെന്നും കുടുംബം വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

മേരിക്കയിലെ തിരക്ക് പിടിച്ച ജീവിതം ഉപേക്ഷിച്ച് സമാധാനപരമായ ഒരു ജീവിതം തേടി ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസി കുടുംബത്തിന്‍റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഏകദേശം 17 വർഷത്തോളം വിദേശത്ത് കഴിഞ്ഞ മുംബൈ സ്വദേശിയായ യുവാവാണ് തന്‍റെയും കുടുംബത്തിന്‍റെയും ഈ മാറ്റത്തെക്കുറിച്ച് റെഡ്ഡിറ്റിലൂടെ മനസ്സ് തുറന്നത്. ഇതിൽ പത്ത് വർഷത്തോളം അദ്ദേഹം അമേരിക്കയിലെ ന്യൂയോർക്കിലായിരുന്നു താമസിച്ചിരുന്നത്.

മകന് യോജിച്ച ചുറ്റുപാടൊരുക്കുക

തന്‍റെ മൂന്ന് വയസ്സുള്ള മകന് മികച്ച വിദ്യാഭ്യാസം നൽകുന്നതിനൊപ്പം കളിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും അനുയോജ്യമായ ഒരു സാമൂഹിക - സാംസ്‌കാരിക ചുറ്റുപാട് ഒരുക്കുക എന്നതാണ് ഈ മടക്കയാത്രയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വിദേശത്തെ ആഡംബരപൂർണ്ണമായ ജീവിതശൈലി നിലനിർത്താൻ വേണ്ടി മാത്രം ഇനി അവിടെ തുടരുന്നതിൽ വലിയ അർത്ഥമില്ലെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. നിലവിൽ വിദേശത്തെ ജീവിതം സുരക്ഷിതമാണെങ്കിലും, സമ്പാദ്യത്തേക്കാൾ ഉപരിയായി കുടുംബത്തോടൊപ്പമുള്ള സമാധാനപരമായ നിമിഷങ്ങൾക്കാണ് ഇപ്പോൾ താൻ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാര്യയുടെ സൗകര്യം കൂടി

മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിൽ എവിടെയെങ്കിലും സ്ഥിരതാമസമാക്കാനാണ് ഈ കുടുംബം നിലവിൽ പദ്ധതിയിടുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരു അന്തരീക്ഷം കണ്ടെത്താനാണ് അവർ ആഗ്രഹിക്കുന്നത്. കോറെഗാവ് പാർക്ക്, കല്യാണി നഗർ തുടങ്ങിയ പ്രദേശങ്ങളാണ് ഇദ്ദേഹം പ്രധാനമായും പരിഗണിക്കുന്നത്. ന്യൂയോർക്ക് സ്വദേശിനിയും ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയുന്നതുമായ തന്‍റെ ഭാര്യയ്ക്ക് ഇണങ്ങിച്ചേരാൻ പറ്റിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാഹചര്യങ്ങൾ ഈ സ്ഥലങ്ങളിൽ ഉണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

വീടിന് 4 കോടി വരെ ബജറ്റ്

ഇന്ത്യയിൽ ഒരു വീട് വാങ്ങുന്നതിനായി ഏകദേശം 3 മുതൽ 4 കോടി രൂപ വരെയാണ് ഇവർ ബജറ്റ് കണക്കാക്കുന്നത്. എന്നാൽ പ്രകൃതിരമണീയവും പ്രശാന്തവുമായ നല്ലൊരു ചുറ്റുപാടാണ് ലഭിക്കുന്നതെങ്കിൽ ബജറ്റ് അല്പം കൂടി വർദ്ധിപ്പിക്കാനും ഇദ്ദേഹം തയ്യാറാണ്. ഇന്ത്യയിലേക്ക് മടങ്ങുന്നതിലൂടെ ജോലിയിൽ നിന്ന് അല്പകാലം ഇടവേള എടുക്കാനും, അതിനുശേഷം കരിയറിലെ അടുത്ത ഘട്ടത്തെക്കുറിച്ച് തീരുമാനമെടുക്കാനുമാണ് ഈ യുവാവ് പദ്ധതിയിടുന്നത്. സ്വന്തം നാട്ടിലെ ലളിതമായ ജീവിതം പുതിയൊരു തുടക്കത്തിന് ഊർജ്ജം നൽകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.