മഡുറോയെ പൂട്ടിയത് 'ഡെൽറ്റ ഫോഴ്സ്', എല്ലാം അതീവ രഹസ്യം; രാവിലെ ആക്രമണം, പിന്നാലെ കാരക്കാസിൽ കടന്നുകയറി അമേരിക്കൻ കമാൻഡോകളുടെ മിന്നൽ നീക്കം

Published : Jan 03, 2026, 08:00 PM ISTUpdated : Jan 04, 2026, 03:55 PM IST
maduro

Synopsis

തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ കൈപ്പിടിയിലാക്കുകയായിരുന്നു. മഡുറോയെ പിടികൂടിയ ഉടൻ തന്നെ അമേരിക്കൻ മണ്ണിലേക്ക് വിമാനമാർഗ്ഗം മാറ്റുകയും ചെയ്തു

വെനസ്വേലയിൽ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അതീവ രഹസ്യമായി പിടികൂടിയത് അമേരിക്കൻ പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സായിരുന്നു. അതിരാവിലെ വെനസ്വേലക്ക് മേൽ ആക്രമണം തുടങ്ങിയ അമേരിക്ക, അത്രമേൽ രഹസ്യമായി നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മഡുറോയെ വലയിലാക്കിയത്. ആക്രമണത്തിന് പിന്നാലെ തലസ്ഥാനമായ കാരക്കാസിൽ കടന്നുകയറിയ അമേരിക്കൻ ഡെൽറ്റ ഫോഴ്സ് കമാൻഡോകൾ കൈപ്പിടിയിലാക്കുകയായിരുന്നു. മഡുറോയെ പിടികൂടിയ ഉടൻ തന്നെ അമേരിക്കൻ മണ്ണിലേക്ക് വിമാനമാർഗ്ഗം മാറ്റുകയും ചെയ്തു. ഒപ്പം മഡുറോയുടെ ഭാര്യയേയും അമേരിക്കയിൽ എത്തിച്ചിട്ടുണ്ട്. വെനസ്വേലൻ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും മറികടന്ന് ഡെൽറ്റ ഫോഴ്സ് എങ്ങനെ ഈ ദൗത്യം പൂർത്തിയാക്കി എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

പ്രതിഷേധം ശക്തം

അതേസമയം മഡുറോയെ അമേരിക്കൻ സൈന്യം ബന്ദിയാക്കിയ നടപടിയിൽ അന്താരാഷ്ട്ര തലത്തിലും വെനസ്വേലയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഒരു പരമാധികാര രാഷ്ട്രത്തലവനെ സൈനിക നീക്കത്തിലൂടെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിവിധ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. മഡുറോയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അനുകൂലികൾ വെനസ്വേലയിൽ തെരുവിലിറങ്ങിയതോടെ രാജ്യത്ത് കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങൾ കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് വെനസ്വേലൻ വൈസ് പ്രസിഡന്‍റ് പ്രതികരിച്ചത്. അമേരിക്കയുടെ ഈ അസാധാരണ നടപടി ദക്ഷിണ അമേരിക്കൻ മേഖലയിൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയുടെ കടന്നുകയറ്റത്തിനെതിരെ റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു. യു എൻ എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.

രൂക്ഷ വിമർശനവുമായി റഷ്യ

അതിനിടെ മഡുറോയെ ബന്ദിയാക്കിയ അമേരിക്കൻ സൈനിക നടപടിയെ രൂക്ഷമായി വിമർശിച്ച് റഷ്യ രംഗത്തെത്തി. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു. പുറത്തുനിന്നുള്ള സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിർണ്ണയിക്കാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി. സംഘർഷം കൂടുതൽ വഷളാക്കാതെ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്നും റഷ്യ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുദ്ധമെങ്കില്‍ യുദ്ധം; എന്തിനും തയ്യാറായി യുഎസും ഇറാനും; കണക്കുകൂട്ടലുകള്‍, ഒരുക്കങ്ങള്‍!
സേനാ വിന്യാസം കാട്ടി അമേരിക്ക ഭയപ്പെടുത്തണ്ട, ആണവ കേന്ദ്രങ്ങളിലെ പരിശോധനക്ക് ഉപാധി വച്ച് ഇറാൻ; 'ഇരുഭാഗത്തിനും വിൻ-വിൻ സാഹചര്യം വേണം'