അമേരിക്കയിൽ ഇന്ത്യൻ ഡ്രൈവറോടിച്ച ട്രക്ക് അപകടം: കടുത്ത തീരുമാനം; വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വിസ വിലക്ക്!

Published : Aug 22, 2025, 07:28 PM IST
Indian Truck driver

Synopsis

അമേരിക്കയിൽ ഇന്ത്യൻ ഡ്രൈവർ വരുത്തിവെച്ച അപകടത്തിന് പിന്നാലെ വിദേശ ട്രക്ക് ഡ്രൈവർമാർക്കുള്ള വിസയ്ക്ക് വിലക്ക്

വാഷിങ്ടൺ: ഫ്ലോറിഡയിൽ ഇന്ത്യൻ ഡ്രൈവറോടിച്ച ട്രക്ക് അപകടത്തിൽപെട്ടതിന് പിന്നാലെ കടുത്ത തീരുമാനവുമായി അമേരിക്ക. ട്രക്ക് യൂ ടേൺ എടുക്കുന്നതിനിടെ വാഹനത്തിലേക്ക് കാറിടിച്ച് കയറി മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ വിദേശത്ത് നിന്നുള്ള വാണിജ്യ ട്രക്ക് ഡ്രൈവർമാർക്ക് വിസ നൽകുന്നത് നിർത്താനാണ് തീരുമാനം. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരികയും വിദേശത്ത് നിന്നുള്ള ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നത് അമേരിക്കക്കാരുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് വിമർശനം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.

അമേരിക്കൻ ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോ ആണ് എക്സിൽ സ്വന്തം ഹാൻഡിൽ വഴി ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കയിൽ വിദേശ ട്രക്ക് ഡ്രൈവർമാർ അമേരിക്കക്കാരുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നുവെന്നും അമേരിക്കക്കാരുടെ ജീവിതം അപകടത്തിലാക്കുന്നുവെന്നും എക്സിലെ കുറിപ്പിൽ കുറ്റപ്പെടുത്തി. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ട്രക്ക് ഡ്രൈവർമാർക്കുള്ള വിസ വിലക്കിലേക്ക് ട്രംപ് ഭരണകൂടം കടന്നത്.

ഫ്ലോറിഡയിൽ ദേശീയപാതയിലാണ് ഇന്ത്യക്കാരനായ ഡ്രൈവർ ഹർജീന്ദർ സിങ്ങിന്റെ അശ്രദ്ധ കാരണം വലിയ അപകടം ഉണ്ടായത്. വെസ്റ്റ് പാം ബീച്ചിന് ഏകദേശം 80 കിലോമീറ്റർ വടക്കുള്ള ഹൈവേയിൽ ഇദ്ദേഹം ട്രാഫിക് നിയമം തെറ്റിച്ചുകൊണ്ട് യു ടേൺ എടുത്തുവെന്നാണ് ഫ്ലോറിഡ ഹൈവേ പട്രോൾ പറയുന്നത്. ഈ സമയത്ത് തൊട്ടടുത്ത ലെയിനിലൂടെ വന്ന കാർ ട്രക്കിലേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. എന്നാൽ ട്രക്ക് ഓടിച്ച ഹർജീന്ദർ സിങിനും ഒപ്പമുണ്ടായിരുന്നയാൾക്കും അപകടത്തിൽ പരിക്കേറ്റിരുന്നില്ല.

പിന്നീട് നടത്തിയ പരിശോധനയിൽ ഹർജീന്ദർ സിങ് അനധികൃതമായാണ് അമേരിക്കയിലെത്തിയതെന്ന് കണ്ടെത്തി. മെക്സിക്കോ അതിർത്തി വഴിയാകാം ഇയാൾ അമേരിക്കയിൽ കടന്നതെന്നാണ് കരുതുന്നത്. അപകടത്തിന് ശേഷം നടന്ന ഇംഗ്ലീഷ് ഭാഷാ പരിശോധനയിൽ ഇയാൾ പരാജയപ്പെട്ടെന്നും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിനും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനും ഇടയിൽ ഈ കേസ് ഇപ്പോൾ ഒരു രാഷ്ട്രീയമായ തർക്കത്തിനും കാരണമായി. അപകടത്തിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഇരു വിഭാഗവും. ഇതിൻ്റെയെല്ലാം ഭാഗമായാണ് വിദേശത്ത് നിന്നുള്ള ട്രക്ക് ഡ്രൈവർമാർക്ക് വിസ വിലക്കിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്ന് ലോകം, ഡ്രോൺ ആക്രമണത്തിൽ പിടഞ്ഞുമരിച്ചത് 33 നഴ്സറി കുട്ടികളടക്കം 50 പേർ; കണ്ണീരിലാഴ്ന്ന് സുഡാൻ
ഏഷ്യൻ ശക്തികളുടെ ബന്ധം വഷളാകുന്നു; തങ്ങളുടെ വിമാനങ്ങള്‍ക്കുനേരെ ചൈന അപകടകരമായ രീതിയില്‍ റഡാര്‍ പ്രയോഗിച്ചെന്ന് ജപ്പാന്‍