
ടെഹ്റാൻ: അമേരിക്കയുമായുള്ള സമാധാന ധാരണകൾക്ക് പിന്നാലെ ഇറാൻ തീരത്തേക്ക് ചരക്കുകപ്പലുകൾ എത്തിത്തുടങ്ങി. മൂന്ന് ഓയിൽ ടാങ്കറുകൾ ഉൾപ്പെടെ അഞ്ച് കപ്പലുകളാണ് നിലവിൽ എത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഇരു രാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവെച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു. അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ കരാറിൽ വെള്ളിയാഴ്ച ജനീവയിൽ വെച്ച് ഇരുരാജ്യങ്ങളും നേരിട്ട് ഔദ്യോഗികമായി ഒപ്പുവെക്കും. എന്നാൽ, ഇത് അന്തിമ സമാധാന കരാറല്ലെന്നാണ് ഇറാന്റെ നിലപാട്. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിലെ അവ്യക്തത, ഇറാന്റെ യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, ഉപരോധങ്ങൾ പിൻവലിക്കുന്ന രീതി എന്നിവയിൽ പൂർണ്ണ സമവായത്തിൽ എത്തിയിട്ടില്ലാത്തതിനാൽ വരും ദിവസങ്ങളിൽ തുടർചർച്ചകൾ നടക്കും.
ജി 7 ഉച്ചകോടിയും ട്രംപ് - മോദി കൂടിക്കാഴ്ചയും
അതിനിടെ, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ബുധനാഴ്ച വൈകുന്നേരം ആറരയ്ക്ക് നിർണ്ണായക ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 16 മാസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും നേരിട്ട് കാണുന്നത്. ഇന്ത്യ - അമേരിക്ക വ്യാപാര കരാർ, തീരുവ നയം, വിസ നിയന്ത്രണം, ഊർജ്ജസുരക്ഷ, പശ്ചിമേഷ്യൻ സംഘർഷം, ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം എന്നിവ ചർച്ചയായേക്കും.
ഇന്ത്യൻ നാവികരുടെ മരണം; പ്രതിപക്ഷ വിമർശനം
അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഇന്ത്യ അമേരിക്കയോട് നിരുപാധിക മാപ്പ് ആവശ്യപ്പെടണമായിരുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. കീഴടങ്ങിയ മോദി വീണ്ടും നിശബ്ദത തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ വന്ന യുഎസ് പ്രസ്താവനയിൽ ഖേദപ്രകടനത്തിന് പകരം മുന്നറിയിപ്പാണ് നൽകിയതെന്ന് ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ കുറ്റപ്പെടുത്തി. ഉപരോധം ലംഘിച്ചാൽ സഹിക്കില്ലെന്നായിരുന്നു യുഎസ് നിലപാട്. ഈ സാഹചര്യത്തിൽ ട്രംപിനോട് മോദി നേരിട്ട് പ്രതിഷേധം അറിയിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam