ചൈനയുടെ ഭീഷണി തള്ളി; നാൻസി പെലോസി തായ‍്‍വാനിൽ, യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

Published : Aug 02, 2022, 09:04 PM ISTUpdated : Aug 02, 2022, 10:45 PM IST
ചൈനയുടെ ഭീഷണി തള്ളി; നാൻസി പെലോസി തായ‍്‍വാനിൽ, യുദ്ധ വിമാനങ്ങൾ വിന്യസിച്ച് ചൈന

Synopsis

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് പെലൊസി. ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായി റിപ്പോർട്ട്

തായ‍്‍പേയി: ചൈനയെ വെല്ലുവിളിച്ച് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തി. നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്‌വാനിൽ ഇടപെട്ടാൽ അത് ' തീ കൊണ്ടുള്ള കളി' ആകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പും നൽകി. ഈ ഭീഷണികളും മുന്നറിയിപ്പും തള്ളിയാണ് പെലോസി തായ‍്‍വാനിലെത്തിയത്. നാൻസി പെലോസിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾ ജപ്പാനിൽ നിന്ന് തായ‍്‍വാനിലേക്ക് തിരിച്ചു.പെലോസിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് തായ്പേയ് വിമാനത്താവളത്തിലും ഒരുക്കിയിട്ടുണ്ട്.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യൻ പര്യടനത്തിൻ്റെ ഭാഗമാണ് തൻ്റെ സന്ദർശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാൻസി പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം പ്രസ്താവനയിൽ അറിയിച്ചു. 

രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍‍്‍വാന്റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു. ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം. പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ‍്‍വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കൻ നിലപാട്.  

 

PREV
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?