ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച പുലർച്ചെ ദോഹയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ഇൻഡിഗോയുടെ 6E 1302 എയർബസ് A320NEO വിമാനമാണ് മസ്കറ്റിൽ അടിയന്തരമായി ഇറക്കിയത്. തുടർന്ന് പൈലറ്റിന് വൈദ്യസഹായം ലഭ്യമാക്കിയതായും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും ഇൻഡിഗോ അറിയിച്ചു.
ഒരുമണിക്കൂറോളം വൈകി വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് ദോഹയിൽനിന്നുള്ള വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്. പൈലറ്റുമാരിൽ ഒരാൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. അടിയന്തരസാഹചര്യങ്ങളിൽ വിമാനത്തിൽനിന്ന് നൽകുന്ന മേയ്ദേ സന്ദേശവും നൽകിയിരുന്നു. തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.
എയർബസ് A320 വിമാനങ്ങളിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടാകാറുള്ളത്. ഇവരിൽ ഒരാൾക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥവന്നാൽ ഇത് അടിയന്തരസാഹചര്യമായാണ് വിമാനക്കമ്പനികൾ പരിഗണിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ രണ്ടാമത്തെ പൈലറ്റിന് വിമാനം സുരക്ഷിതമായി പറത്താൻ കഴിയുമെങ്കിലും ജോലിഭാരം വർധിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ എത്രയും വേഗം സമീപത്തെ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് അസുഖബാധിതനായ പൈലറ്റിന് വൈദ്യസഹായം നൽകുകയാണ് ചെയ്യാറുള്ളത്.
ദോഹ-ബെംഗളൂരു വിമാനത്തിലെ ക്രൂ അംഗത്തിന് അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യമായതിനാലാണ് വിമാനം തിരിച്ചുവിട്ടതെന്ന് ഇൻഡിഗോയും പ്രസ്താവനയിലൂടെ അറിയിച്ചു. ലാൻഡിങ്ങിന് ശേഷം മെഡിക്കൽസംഘം ക്രൂ അംഗത്തിന് വൈദ്യസഹായം നൽകിയെന്നും ഇവർ സുഖംപ്രാപിച്ച് വരികയാണെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ബെംഗളൂരുവിലേക്കുള്ള യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പാടാക്കിയെന്നും മസ്കറ്റ് വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട ലഘുഭക്ഷണങ്ങളടക്കം നൽകിയെന്നും ഇൻഡിഗോ അറിയിച്ചു.


