
ജനീവ: ധാരണയിലെത്താൻ കഴിയാതെ ഇറാൻ - അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു. ഇരു സംഘവും ജനീവയിൽ നിന്ന് മടങ്ങി. പല ഘട്ടങ്ങളിലായി മാരത്തോൻ ചർച്ചയാണ് ഇന്നലെ നടന്നത്. അമേരിക്കയുമായി പൂർത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചർച്ചയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. വലിയ പുരോഗതി ഉണ്ടായെന്ന് ഒമാൻ വിദേശകാര്യ മന്ത്രിയും പറഞ്ഞു. സ്റ്റീവ് വിറ്റ്കോഫിന്റെയും ജാറെഡ് കുഷ്‌നറുടെയും നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് ചർച്ച നടത്തിയത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചർച്ചകൾ ഉടക്കിനിൽക്കുന്നത്. അടുത്തയാഴ്ച വിയന്നയിൽ വീണ്ടും ചർച്ച നടക്കും. ആണവ കേന്ദ്രങ്ങൾ തകർക്കാനും യുറേനിയം ശേഖരം കൈമാറാനും നിർദേശം ഉയർന്നതായുള്ള വാർത്തകൾ ഇറാൻ തള്ളി. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കാൻ സമ്മർദം തുടരുകയാണ് ഇറാൻ. അതേസമയം അമേരിക്കൻ പടക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡ് ഇന്ന് ഇസ്രയേൽ തുറമുഖമായ ഹൈഫയിൽ എത്തും. ജെറാൾഡ് ഫോർഡിന് തകരാറെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കപ്പൽ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.
ഇറാന് ആണവായുധങ്ങൾ വികസിപ്പിക്കാൻ ഉദ്ദേശ്യമില്ലെന്ന് പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ ഇന്ന് ആവർത്തിച്ചു. നയതന്ത്രത്തിനാണ് മുൻഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയിൽ നിക്ഷിപ്തമാണെന്ന് യു എസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങൾ കൈവശം വയ്ക്കാൻ അനുവാദം നൽകാനാവില്ല എന്നാണ് പ്രതികരണം. ഇറാനെതിരെ ആക്രമണം നടത്തേണ്ടിവന്നാൽ രാജ്യത്തെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യം വയ്ക്കാനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. എന്നാൽ ഈ സൈനിക ഇടപെടൽ സംബന്ധിച്ച് കൃത്യമായ ആശയവിനിമയം ട്രംപ് യുഎസ് സേനയോട് നടത്തിയിട്ടില്ലെന്നാണ് വിവരം.
ഇറാനു ചുറ്റും അമേരിക്ക വന്‍ യുദ്ധസന്നാഹം നടത്തുകയും എതിരിടാനായി ഇറാന്‍ അതിര്‍ത്തികളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സൈനിക വിന്യാസത്തിലൂടെയും ആക്രമണ ഭീഷണികളിലൂടെയും ഇറാനെ കരാറില്‍ ഒപ്പുവെപ്പിക്കാനാവും എന്നാണ് ട്രംപ് കരുതുന്നത്. ഭീഷണിക്ക് വഴങ്ങുന്നില്ലെങ്കില്‍ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നടത്തി സമ്മര്‍ദ്ദം കൂട്ടാനാണ് ട്രംപിന്റെ പദ്ധതി. എന്നാല്‍ ഇറാനെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിക്കാന്‍ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച് യുഎസിൽ നിന്ന് തന്നെ സംശയങ്ങൾ ഉയരുന്നുണ്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണം എന്നതു കൂടാതെ ഒരു പ്ലാന്‍ ബി കൂടി അമേരിക്ക പരിഗണിക്കുന്നുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ ഗ്രോസിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം, ഇറാന് പരിമിതമായ രീതിയില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതി നടത്താം. പക്ഷേ, ചികിത്സാ ആവശ്യങ്ങള്‍ക്കും മെഡിക്കല്‍ ഗവേഷണങ്ങള്‍ക്കും മാത്രമായി അത് പരിമിതപ്പെടുത്തണം. ഈ കരാര്‍ ഇരു കൂട്ടരും അംഗീകരിച്ചാല്‍, തങ്ങള്‍ ഇപ്പോഴും യുറേനിയം സമ്പുഷ്ടീകരണം തുടരുന്നുണ്ടെന്ന് ഇറാന്‍ ഭരണകൂടത്തിന് ജനതയോട് പറയാം. ഇറാന്റെ ആയുധ നിര്‍മ്മാണ ശേഷിയുള്ള എല്ലാ കേന്ദ്രങ്ങളും അടച്ചുപൂട്ടിച്ചതായി ട്രംപിനും അവകാശപ്പെടാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam