'അമേരിക്ക-ഇറാൻ സംഘർഷത്തിലെ നയതന്ത്ര ഇടപെടൽ ഞാണിന്മേൽ കളി': വെല്ലുവിളി തുറന്നു സമ്മതിച്ച് പാക് പ്രതിരോധ മന്ത്രി

Published : Sep 09, 2026, 07:08 PM IST
Khawaja Asif

Synopsis

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ പാകിസ്ഥാൻ കടുത്ത നയതന്ത്ര പ്രതിസന്ധിയിലാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരു രാജ്യങ്ങളുമായും ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധമുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പാകിസ്ഥാൻ നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ കടുത്ത നയതന്ത്ര പ്രതിസന്ധി നേരിടുകയാണെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അതൊരു ഞാണിന്മേൽ കളിയാണെന്നാണ് പാക് മന്ത്രി പറഞ്ഞത്. അമേരിക്ക, ഇറാൻ, ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗൾഫ് രാജ്യങ്ങൾ എന്നിവരുമായുള്ള അടുത്ത ബന്ധം കാരണം അതീവ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നുവെങ്കിലും, സ്ഥിരമായ ഒരു സമാധാന കരാറിലെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികളുമായുള്ള ആശയവിനിമയം തുടരുന്നതിനൊപ്പം തന്നെ കൂടുതൽ മധ്യസ്ഥ ശ്രമങ്ങളുമായി എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുമെന്ന് പാകിസ്ഥാൻ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ രാജ്യങ്ങളുമായും സഹോദരതുല്യമായ ബന്ധമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ ഖ്വാജ ആസിഫ്, നയതന്ത്ര നിലപാടിനെ കൂടുതൽ സങ്കീർണ്ണമാക്കുന്ന തരത്തിലുള്ള ചില നടപടികൾ ഒഴിവാക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. സംഘർഷത്തിൽ എത്രത്തോളം ഇടപെടാം, എവിടെയൊക്കെ സ്വയം നിയന്ത്രണം പാലിക്കണം, അല്ലെങ്കിൽ ഈ വിഷയത്തിൽ നിന്നും മാറിനിൽക്കണോ എന്നീ ചോദ്യങ്ങളാണ് പാകിസ്ഥാന് മുന്നിലുള്ള വലിയ പരീക്ഷണമെന്ന് ജിയോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മേഖലയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ, ഇരുവിഭാഗങ്ങളുമായും ബന്ധം പുലർത്താനുള്ള വഴികളാണ് പാകിസ്ഥാൻ നോക്കുന്നത്. അമേരിക്കയുമായും ഇറാനുമായും ബന്ധപ്പെടാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി, സംഘർഷത്തിൽ പങ്കാളികളായ ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധവും ഇറാനുമായുള്ള ബന്ധം പോലെ തന്നെ പാകിസ്ഥാന് പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കി.

തങ്ങളുടെ നയതന്ത്ര സ്വാതന്ത്ര്യം പരമാവധി നിലനിർത്താനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് പാക് പ്രതിരോധ മന്ത്രി ആവകാശപ്പെട്ടു. ഒരു പരിഹാരമാർഗ്ഗം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകം വലിയ പ്രതിസന്ധിയിലേക്ക്, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലെത്തി; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നു
വമ്പൻ അവകാശവാദവുമായി അമേരിക്ക, ഇറാന്റെ പത്തോളം ടാങ്കറുകൾ തകർത്തു; സംഘർഷം മുറുകുന്നു