ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്ത് ടാങ്കർ കപ്പലുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. തങ്ങളുടെ യുദ്ധക്കപ്പലിന് നേരെയുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയായാണ് ഈ നടപടിയെന്നും യുഎസ് സൈന്യം അറിയിച്ചു.
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക. അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായെന്നും എന്നാൽ ആക്രമണം പരാജയപ്പെടുത്തിയെന്നും അമേരിക്ക വ്യക്തമാക്കി. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് തിരിച്ച് ആക്രമണം നടത്തിയതെന്നും ഇറാനിയൻ ടാങ്കറുകൾ നശിപ്പിച്ചതെന്നും യുഎസ് സൈന്യം അറിയിച്ചു. മേഖലയിലുടനീളം അക്രമം വീണ്ടും വർദ്ധിച്ചതോടെ എണ്ണവില ബാരലിന് 100 ഡോളർ കവിഞ്ഞു.
ഒമാൻ ഉൾക്കടലിലും ഇറാനിലെ ഖാർഗ് ദ്വീപിനടുത്തും അമേരിക്കൻ സൈന്യം ടാങ്കറുകൾ ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രോം) ഒരു പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിനെ ആക്രമിച്ചതിന് ശേഷമാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സെന്റോം പറഞ്ഞു. പ്രതികാരമായി ജോർദാനിലെ ഒരു യുഎസ് സൈനിക താവളത്തിൽ ആക്രമിച്ചതായി ഐആർജിസി അറിയിച്ചു.
ഇറാനിയൻ പ്രദേശത്ത് നിന്ന് ഉത്ഭവിച്ച 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ നശിപ്പിച്ചതായി സായുധ സേനയെ ഉദ്ധരിച്ച് ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു, രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത പ്രദേശങ്ങളിൽ വീണുവെന്നും ആളപായമില്ലെന്നും കൂട്ടിച്ചേർത്തു.
