
ഇസ്‍ലാമാബാദ്: ഇറാനും അമേരിക്കയും മധ്യസ്ഥർ മുഖാന്തരം ഖത്തറിലെ ദോഹയിൽ നടത്തിയ അന്തിമ സമാധാനക്കരാർ ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. പ്രധാന മധ്യസ്ഥരാജ്യമായ പാകിസ്ഥാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കം മുഖ്യവിഷയമാക്കിയായിരുന്നു ചർച്ച. ഹോർമുസിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ പറഞ്ഞു. ആസ്തികൾ വേഗം വിട്ടുകിട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. ജൂൺ 17-ന് ഒപ്പിട്ട ധാരണാപത്രത്തിലെ 14 വ്യവസ്ഥകൾ നടപ്പാക്കുന്നതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഖത്തർ-പാക് പ്രതിനിധികളുമായി ബുധനാഴ്ച വെവ്വേറെ ചർച്ച നടത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. അതേസമയം നിലവിൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും നടക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ചകൾ ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കാൻ ഇരുവിഭാഗവും തീരുമാനിച്ചത്. ഖമനേയിയുടെ സംസ്കാര ചടങ്ങിന് ശേഷം നേരിട്ടല്ലാതെ ചർച്ചകൾ തുടരാൻ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്. ടെഹ്‌റാനിലും ഖോമിലുമായി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കബറടക്ക ചടങ്ങുകൾ നടക്കുന്നത്. വെടി നിർത്തൽ കരാർ ലംഘിച്ച് കഴിഞ്ഞയാഴ്ച യു.എസും ഇറാനും ആക്രമണം പുനരാരംഭിച്ചതോടെ സമാധാനശ്രമങ്ങൾ പാളിയിരുന്നു. എന്നാൽ, മധ്യസ്ഥർ ഇടപെട്ടതോടെ ആക്രമണം നിർത്താൻ ഇരുകൂട്ടരും സമ്മതിച്ചു. യു.എസുമായി ഉടനെയൊന്നും നേരിട്ടുള്ള ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ദോഹയിൽ നടന്ന ചർച്ചയിൽ ഖത്തറിലുള്ള ഇറാന്റെ ആസ്തികളിൽ 600 കോടി ഡോളർ ഉടനടി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ചും ചർച്ചനടന്നു. തങ്ങളുടെ വിദേശത്തെ മരവിപ്പിച്ച ആസ്തികൾ പുറത്തുവിടുകയെന്നത് അന്തിമക്കരാറിനുള്ള ഇറാന്റെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടതാണ്. അതേസമയം ഇറാനെ ആണവമായി നിരായുധീകരിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഖത്തർ സമ്മാനിച്ച പുതിയ എയർഫോഴ്‌സ് വൺ വിമാനത്തിലിരുന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാൻ ആണവായുധമുണ്ടാക്കില്ലെന്ന ഉറപ്പുകിട്ടിയതോടെ ഓഹരിവിപണികളിൽ റെക്കോഡ് നേട്ടമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ഘട്ട ചർച്ചകൾ എത്രയും വേഗം പുനരാരംഭിക്കുമെന്ന് മധ്യസ്ഥർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിലും നിർണായകമായ തീരുമാനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam