
ടെഹ്രാൻ: ഇറാൻ്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങിൽനിന്ന് മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ ഖമനെയി വിട്ടുനിന്നേക്കുമെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് പിതാവിൻ്റെ സംസ്കാര ചടങ്ങിൽനിന്ന് മുജ്തബ ഖമനെയി വിട്ടുനിൽക്കുക. ഇറാൻ്റെ പരമോന്നത നേതാവിൻ്റെ ഇന്ത്യയിലെ പ്രതിനിധിയായ ആയത്തുള്ള ഹക്കിം ഇലാഹി ഇക്കാര്യം വാർത്താ ഏജൻസിയായ എഎൻഐയോട് സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ ഭീഷണികളും നിരീക്ഷണ ആശങ്കകളും കാരണം പരസ്യമായി പങ്കെടുക്കുന്നത് അപകടകരമായതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് ഇലാഹി പറഞ്ഞു.
ഇറാനും ഇസ്രായേലിനും അമേരിക്കയ്ക്കും ഇടയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ഉണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ, അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി രംഗത്തെത്തിയിരുന്നു. ഇറാന്റെ നേതൃത്വത്തിനെതിരെയുള്ള ഏത് ഭീഷണിയും ഉടനടിയുള്ള പ്രതികരണത്തിന് കാരണമാകുമെന്നാണ് അബ്ബാസ് അരാഗ്ചിയുടെ മുന്നറിയിപ്പ്.
ഈ വർഷം ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും സംയുക്തമായി ഇറാന് നേരെ നടത്തിയ ആക്രമണത്തിലാണ് 36 വർഷക്കാലം പരമോന്നത നേതൃപദവിയിൽ തുടർന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുജ്ത ഖമനെയിയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് അദെലും കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഭാര്യയുടെ സംസ്കാര ചടങ്ങിലും മുജ്തബ ഖമനെയി പങ്കെടുത്തിരുന്നില്ല.
കൊല്ലപ്പെട്ട് മാസങ്ങൾക്ക് ശേഷമാണ് ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ഇറാനിലും ഇറാഖിലുമായി അഞ്ച് ദിവസം നീളുന്ന ചടങ്ങുകൾക്ക് ജൂലൈ നാലിന് തുടക്കമാകും. ജൂലൈ ഒൻപതിന് വടക്കുകിഴക്കൻ ഇറാനിലെ പുണ്യനഗരമായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക. ഖമനെയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്. ചടങ്ങിലേക്ക് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളടക്കം ലക്ഷക്കണക്കിന് പേർ പങ്കെടുക്കുമെന്നാണ് ഇറാൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്. സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഖമനെയിയുടെ ചിത്രങ്ങളുമായി കൂറ്റൻ ബോർഡുകൾ രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam