
ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധസാഹചര്യത്തിൽ ഇറാന്റെ വ്യോമപാത നേരത്തെ തന്നെ അടയ്ക്കുകയും പാസഞ്ചർ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ റൺവേയ്ക്കും മറ്റ് സാങ്കേതിക വിഭാഗങ്ങൾക്കും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് ഇറാൻ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇറാൻ മാധ്യമങ്ങൾ പങ്കുവച്ചിട്ടില്ല. അതേസമയം അതീവ സുരക്ഷാ മേഖലയായ ബുഷെഹറിനെ ലക്ഷ്യമിട്ടുള്ള ഈ നീക്കം മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
അതേസമയം ആയത്തുള്ള അലി ഖമനേയിയുടെ പകരക്കാരനായി പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇറാൻ നേതാക്കൾ നടത്തിയ യോഗത്തിനിടെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇറാനിലെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന ക്യൂമിലെ കെട്ടിടം വ്യോമാക്രമണത്തിൽ തകർത്തെന്നാണ് ഇസ്രായേലിന്‍റെ അവകാശവാദം. അമേരിക്കൻ - ഇസ്രയേൽ സംയുക്താക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പിൻഗാമിയെ നിശ്ചയിക്കാനായി ഇന്ന് അതീവ രഹസ്യമായ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ഇറാനിലെ മതനേതാക്കളും ഭരണകർത്താക്കളും ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ സുപ്രധാന കേന്ദ്രം ആക്രമണത്തിൽ തകർന്നെന്നും ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളിക്കളഞ്ഞു. ഇസ്രയേൽ തകർത്തു എന്നവകാശപ്പെടുന്നത് പഴയ കെട്ടിടമാണെന്നും ഇവിടെയല്ല പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി യോഗം ചേരുന്നതെന്നും ഇറാൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam