
വാഷിംഗ്ടണ്‍: ലോകകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിക്കെതിരെയുള്ള പരിസ്ഥിതി മലിനീകരണക്കേസ് തള്ളിക്കളയണമെന്ന് യു.എസ് നീതിന്യായ വകുപ്പ്. മസ്‌കിന്റെ എ ഐ കമ്പനിയായ എക്‌സ് എ ഐ ക്കെതിരായ കേസ് തള്ളണമെന്നാണ് ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയോട് ആവശ്യപ്പെട്ടത്
മിസിസിപ്പിയിലെ സൗത്ത്ഹാവനില്‍ വായു മലിനീകരണ നിയന്ത്രണങ്ങളോ ലൈസന്‍സോ ഇല്ലാതെ ഡസന്‍ കണക്കിന് ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത മനുഷ്യാവകാശ സംഘടനയായ എന്‍എ എ സി പിയാണ് മസ്‌കിന്റെ കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്. മസ്‌കിന്റെ ടെന്നസിയിലുള്ള 'കൊളോസസ് 2' എന്ന ഭീമന്‍ ഡാറ്റാ സെന്ററിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഈ ടര്‍ബൈനുകള്‍ ഉപയോഗിക്കുന്നത്.
വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന ഈ മീഥെയ്ന്‍ ഗ്യാസ് ടര്‍ബൈനുകള്‍ ആസ്ത്മ, നെഞ്ചുവേദന, ശ്വാസകോശ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഗുരുതരമായ വിഷവാതകങ്ങള്‍ പുറന്തള്ളുന്നതായാണ് പരാതി. എന്നാല്‍, ഈ കേസ് തള്ളിക്കളയണമെന്നാണ് ട്രംപിന്റെ നീതിന്യായ മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനായി നീതിന്യായ മന്ത്രാലയം മുന്നോട്ടു വെക്കുന്ന വാദങ്ങള്‍ ഇവയാണ്: ഈ ഡാറ്റാ സെന്ററിലാണ് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും പ്രതിരോധത്തിനും അത്യന്താപേക്ഷിതമായ എഐ മോഡലുകള്‍ വികസിപ്പിക്കുന്നത്. ദേശീയ സുരക്ഷയെ തകര്‍ക്കുന്നതിന് പരിസ്ഥിതി നിയമങ്ങളെ ആയുധമാക്കാന്‍ സ്വകാര്യ സംഘടനകളെ അനുവദിക്കില്ല. മസ്‌കിന്റെ പ്രശസ്തമായ ഗ്രോക്ക് ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത് ഈ ഡാറ്റാ സെന്ററിലാണ്. ഇറാനുമായുള്ള യുദ്ധത്തിലടക്കം സൈനിക നീക്കങ്ങള്‍ക്ക് ഈ കമ്പനി വലിയ സഹായം നല്‍കുന്നുണ്ട,.
ക്ലീന്‍ എയര്‍ ആക്ട് പ്രകാരം മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ അമേരിക്കയിI സാധാരണക്കാര്‍ക്ക് അവകാശമുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു സ്വകാര്യ കമ്പനിയെ സംരക്ഷിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്റ് നേരിട്ട് ഇടപെടുന്നത്. ഗവണ്‍മെന്റിന്റെ ഈ ഇടപെടല്‍ ദേശീയ സുരക്ഷയ്ക്ക് വേണ്ടിയല്ലെന്നും, മസ്‌കിനെപ്പോലെയുള്ള കോടീശ്വരന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള വ്യഗ്രതയാണെന്നും പരിസ്ഥിതി സംഘടനയായ എര്‍ത്ത് ജസ്റ്റിസ് കുറ്റപ്പെടുത്തി.
ഈയിടെ മസ്‌കിന്റെ മാതൃകമ്പനിയായ സ്‌പേസ് എക്‌സ് വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വഴി പബ്ലിക് ലിസ്റ്റിംഗ് നടത്തിയിരുന്നു. തുടര്‍ന്ന് മസ്‌ക് ലോകത്തിലെ ആദ്യത്തെ ട്രില്യണെയര്‍ ഉടമ ആവുകയും ചെയ്തതീ. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ് സര്‍ക്കാരിന്റെ ഈ നീക്കം.
ആഗോള എഐ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ട്രംപിന്റെ നയങ്ങളുടെ ഭാഗമായി അമേരിക്കയിലുടനീളം ഇത്തരം ഡാറ്റാ സെന്ററുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇവയുണ്ടാക്കുന്ന കടുത്ത വായു, ജല മലിനീകരണങ്ങള്‍ക്കെതിരെ വലിയ പ്രാദേശിക ജനകീയ പ്രതിരോധങ്ങളാണ് അമേരിക്കയില്‍ രൂപപ്പെടുന്നത്. ഈ കേസില്‍ മസ്‌കിന് അനുകൂലമായ വിധി ഉണ്ടായാല്‍, അത് ഭാവിയില്‍ ജനങ്ങള്‍ക്ക് മലിനീകരണത്തിനെതിരെ പ്രതികരിക്കാനുള്ള നിയമപരമായ വഴി എന്നെന്നേക്കുമായി അടയ്ക്കുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam