
ടെഹ്രാൻ: പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ യുഎസിന് ഒന്നിലധികം സൈനിക വിമാനങ്ങൾ നഷ്ടമായതായി റിപ്പോർട്ട്. ജോർദാനിലെ അൽ അസ്രക്കിലുള്ള യുഎസിൻ്റെ വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിമാനങ്ങൾക്ക് കേടുപാട് സംഭവിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സിബിഎസ് ന്യൂസിൻ്റെ റിപ്പോർട്ട്. ആക്രമണത്തിൽ അമേരിക്കൻ എ-10 തണ്ടർബോൾട്ട് വിമാനം കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു. അൽ അസ്രക്കിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ തുടർച്ചയായി സ്ഫോടനം ഉണ്ടാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജോർദാനിലേക്ക് മിസൈലുകൾ തൊടുക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമവും പുറത്തുവിട്ടു.
ഇറാൻ്റെ എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ ആണ് ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെഅർധരാത്രിയിൽ ആക്രമണം കടുപ്പിച്ചത്. ഇറാൻ്റെ ആക്രമണത്തിൽ യുഎസിൻ്റെ എട്ട് എഫ്-15 പോർവിമാനങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചെങ്കിലും സുരക്ഷിതമായി മടങ്ങാൻ കഴിഞ്ഞു. ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാനായി 30ലധികം പാട്രിയറ്റ് മിസൈലുകൾ യുഎസ് സൈന്യം വർഷിച്ചതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് പുറമേ, യുഎസിൻ്റെ എട്ട് ടാങ്കറുകൾക്കും രണ്ട് പടക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അതേസമയം ഇറാൻ തൊടുത്ത 20ൽ 18 മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജോർദാൻ പറഞ്ഞു. ശേഷിക്കുന്ന രണ്ട് മിസൈലുകൾ ജനവാസമില്ലാത്ത മേഖലയിൽ പതിച്ചതായും ആളപായമില്ലെന്നും ജോർദാൻ അധികൃതർ വ്യക്തമാക്കി.
ഇറാൻ്റെ അഞ്ച് എണ്ണക്കപ്പലുകൾക്ക് നേരെ യുഎസിൻ്റെ സൈനിക നടപടി ഉണ്ടായതിന് പിന്നാലെ ആണ് ജോർദാനിലെ യുഎസിൻ്റെ വ്യോമ താവളം ലക്ഷ്യമിട്ട് ആക്രമണം നടന്നത്. ഒമാൻ ഉൾക്കടലിൽ നാല് ക്രൂഡ് ഓയിൽ ടാങ്കറുകളും പേർഷ്യൻ ഉൾക്കടലിലെ ഖാർഗ് ദ്വീപിൽ ഒരു ടാങ്കറും ലക്ഷ്യമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിരുന്നു. ഇറാൻ്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണത്തെ അമേരിക്കൻ പടക്കപ്പൽ പ്രതിരോധിച്ചതായും ആളപായം ഉണ്ടായിട്ടില്ലെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്, തുടർ ആക്രമണങ്ങൾ പിന്നാലെ ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam