
ഡാലസ്: അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതിനിടെ വോട്ടർമാരെ കയ്യിലെടുക്കാൻ വമ്പൻ വാഗ്ദാനവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം നേടാനായാൽ, രാജ്യത്തെ പ്രായപൂർത്തിയായ ഓരോ പൗരനും 5000 ഡോളർ (ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം നൽകുമെന്ന് ട്രംപിന്റെ പ്രഖ്യാപനം. ഡാലസിൽ നടന്ന 2026ലെ റിപ്പബ്ലിക്കൻ കൺവെൻഷനിൽ സംസാരിക്കുമ്പോഴാണ് ട്രംപിൻ്റെ വാഗ്ദാനം.
തന്റെ ഭരണത്തിൻ കീഴിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വൻ കുതിച്ചുചാട്ടമാണ് നടത്തിയതെന്നും രാജ്യം ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. "നമ്മൾ വൻ സാമ്പത്തിക വിജയം നേടിയതുകൊണ്ടാണ് എനിക്ക് ഈ വാഗ്ദാനം നൽകാൻ കഴിയുന്നത്. ഹൗസിലും സെനറ്റിലും റിപ്പബ്ലിക്കൻമാർ ജയിച്ചാൽ, നമ്മുടെ ഈ സാമ്പത്തിക ശക്തിയുടെ ബലത്തിൽ ഓരോ പൗരനും 5000 ഡോളർ ഡിവിഡന്റ് നൽകും"- ട്രംപ് പറഞ്ഞു.
എന്നാൽ, രാജ്യത്തെ 27 കോടിയോളം വരുന്ന പ്രായപൂർത്തിയായ പൗരന്മാർക്ക് 5000 ഡോളർ വീതം നൽകുന്നതിനുള്ള ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്നോ, ഈ പണം എങ്ങനെ വിതരണം ചെയ്യുമെന്നോ ട്രംപ് വിശദീകരിച്ചിട്ടില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് 2000 ഡോളറിന്റെ താരിഫ് റിബേറ്റ് ചെക്കുകൾ നൽകാമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അതിന് നിയമനിർമ്മാണം ആവശ്യമാണെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റ് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ വർഷം അധികാരത്തിലേറിയ ശേഷം ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രഖ്യാപിക്കുന്ന ഏറ്റവും പുതിയ സാമ്പത്തിക പദ്ധതിയാണിത്. 2025 ജനുവരി ഒന്നിനും 2028 ഡിസംബർ 31നും ഇടയിൽ ജനിക്കുന്ന ഓരോ അമേരിക്കൻ കുട്ടിക്കും 1000 ഡോളർ പ്രാരംഭ നിക്ഷേപം നൽകുന്ന 'ട്രംപ് അക്കൗണ്ട്സ്' എന്ന പദ്ധതി ട്രംപ് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. 2025ൽ 14.5 ലക്ഷം സൈനികർക്ക് 1776 ഡോളർ വീതം നികുതിയില്ലാത്ത ഒറ്റത്തവണ ബോണസായി 'വാരിയർ ഡിവിഡന്റ്' എന്ന പേരിൽ നൽകിയിരുന്നു.
അതേസമയം സമീപകാല സർവേകളിൽ ജനപ്രീതി ഇടിഞ്ഞതും ഏഴ് മാസത്തിലേറെയായി തുടരുന്ന ഇറാൻ സംഘർഷവും രാജ്യത്തെ ഉയർന്ന ജീവിതച്ചെലവും എണ്ണവിലയും ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വാഗ്ദാനമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam