
വാഷിംഗ്ടൺ: അമേരിക്ക നാളെ വിധിയെഴുതും. അമേരിക്കൻ പാർലമെൻ്റായ കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ഇടക്കാല തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം പ്രസിഡൻസിയുടെ ശേഷിക്കുന്ന രണ്ടു വർഷങ്ങളുടെ രാഷ്ട്രീയദിശ തന്നെ നിർണയിക്കാവുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആരുടെ കൈയിലെത്തുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇതിനകം അഞ്ചുകോടിയിലേറെ അമേരിക്കക്കാർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണ് മുൻതൂക്കമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. സെനറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നുണ്ടെങ്കിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്. എന്നാൽ സർവേകൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ ഇരുപാർട്ടികളും തയ്യാറായിട്ടില്ല. മുൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിൽ സർവേ ഫലങ്ങൾ പാളിയ അനുഭവം പാർട്ടികൾക്കുണ്ട്.
435 അംഗ ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 218 സീറ്റുകളാണ് വേണ്ടത്. നിലവിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർക്ക് 218-214 എന്ന നേരിയ ഭൂരിപക്ഷമുണ്ട്. സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ഡെമോക്രാറ്റുകൾക്ക് നാല് സീറ്റുകളുടെ അറ്റ നേട്ടം മതി. ദേശീയ സർവേകളിൽ ഡെമോക്രാറ്റുകൾക്ക് ഏഴുമുതൽ എട്ട് സീറ്റുകൾ വരെ മുൻതൂക്കമുണ്ട്. അതേസമയം സെനറ്റിൽ കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളും ഡെമോക്രാറ്റിക് പാർട്ടിക്ക് 47 സീറ്റുകളുമാണ് സെനറ്റിൽ ഉള്ളത്. സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ മേൽക്കൈ മറികടക്കാൻ നാല് സീറ്റുകളുടെ അറ്റ നേട്ടം ആവശ്യമാണ്. എന്നാൽ അത് നേടാൻ ഡെമോക്രാറ്റുകൾക്ക് ബുദ്ധിമുട്ടാകുമെന്നാണ് ഇപ്പോഴത്തെ സൂചന. ടെക്സസ്, ഒഹായോ, മിഷിഗൺ, കാൻസസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പാർട്ടികൾ ഉറ്റുനോക്കുന്നുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വിലക്കയറ്റം പോലുള്ള ആഭ്യന്തര പ്രശ്നങ്ങൾ റിപ്പബ്ലിക്കൻമാർക്ക് തിരിച്ചടിയായേക്കാം എന്ന് വിലയിരുത്തപ്പെടുന്നു. സെപ്റ്റംബറിലെ റോയിട്ടേഴ്സ്/ഇപ്സോസ് പോൾ പ്രകാരം ട്രംപിന്റെ ജനപ്രീതി 32% എന്ന എക്കാലത്തെയും താഴ്ന്ന നിലയിലാണ്. അതേസമയം, പ്രചാരണത്തിനായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻതോതിൽ പണം ലഭിക്കുന്നുണ്ട്. എലോൺ മസ്ക് മാത്രം റിപ്പബ്ലിക്കൻമാരെ പിന്തുണയ്ക്കാൻ 442 മില്യൺ ഡോളർ ചെലവഴിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ, രാജ്യത്ത് അവസാനവട്ട റാലികൾ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് പാർട്ടിക്കായി മുൻ പ്രസിഡൻ്റ് ബരാക് ഒബാമ അടക്കം രംഗത്തുണ്ട്. പ്രസിഡൻ്റ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി പ്രചാരണം നയിക്കുന്നത്.
ഇതിനകം അഞ്ച് കോടിയിലേറെ ജനങ്ങൾ പ്രാരംഭ വോട്ടിങ്ങിലൂടെയും പോസ്റ്റൽ ബാലറ്റിലൂടെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ മുതൽ ഫലങ്ങൾ പുറത്തുവരാനാണ് സാധ്യത. കോൺഗ്രസിനൊപ്പം 36 സംസ്ഥാനങ്ങളിൽ ഗവർണർ തെരഞ്ഞെടുപ്പ് കൂടി നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേയം, ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ വിവേക് രാമസ്വാമിയുടെ ഒഹായോയിലെ മത്സരമാണ്. മുൻ ഒഹായോ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറായ എമി ആക്ടൺ ആണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി. മത്സരം വിവേക് രാമസ്വാമിക്ക് എളുപ്പമാകില്ലെന്നാണ് ഫലസൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam