
വാഷിങ്ടണ്‍: ഇറാന് മുന്നിൽ ഓഫറുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ്. ആണവ പദ്ധതി ഉപേക്ഷിച്ചാൽ വൻ നേട്ടങ്ങൾ ഇറാൻ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം. പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു. അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അമേരിക്ക - ഇറാൻ സംഘങ്ങൾ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും ചർച്ചകൾ ശരിയായ ദിശയിലാണെന്ന് ജെഡി വാൻസ് പറഞ്ഞു.
അതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം ഇസ്രയേലും ലെബനനും തമ്മിലുള്ള നേരിട്ടുള്ള നയതന്ത്ര ചർച്ച വാഷിങ്ടണിൽ നടന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിലാണ് ഇസ്രയേൽ - ലെബനൻ അംബാസഡർമാർ കൂടിക്കാഴ്ച നടത്തിയത്. തുടർ ചർച്ചകൾക്ക് ധാരണ ആയിട്ടുണ്ട്. ഒരു വശത്ത് ചർച്ചകൾ നടക്കുമ്പോഴും ദക്ഷിണ ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളയുമായി വെടിനിർത്തൽ ചർച്ചയ്ക്കില്ല എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്.
അതിനിടെ ഹോർമുസിലെ ഉപരോധം ന്യായീകരിച്ച് ട്രംപ് രംഗത്തെത്തി. ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളെയും സഹായിക്കാനാണ് ശ്രമമെന്ന് നരേന്ദ്ര മോദിയോട് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കും യുഎസിനുമിടയിൽ വരും ദിവസങ്ങളിൽ പ്രധാന ധാരണകൾ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഊർജ്ജ രംഗത്തുൾപ്പെടെ സുപ്രധാന ഉടമ്പടികൾ ഉണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam