ഇറാന്‍റെ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ ഒരു വൈദ്യുതി-ജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിക്കുകയും തീപിടിത്തമുണ്ടാകുകയും ചെയ്തു. വൈദ്യുതി - ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാൻ എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു
കുവൈത്ത് സിറ്റി: ഇറാന്‍റെ ആക്രമണത്തിൽ കുവൈത്തിലെ വൈദ്യുതി ഉൽപാദന - കടൽജല ശുദ്ധീകരണ നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി വൈദ്യുതി - ജലം - പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീപിടിത്തമുണ്ടാകുകയും നിരവധി വൈദ്യുതി ഉൽപാദന യൂണിറ്റുകൾ പ്രവർത്തനരഹിതമാകുകയും ചെയ്തതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ജനറൽ ഫയർ ഫോഴ്സിന്‍റെ സംഘം സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തുടർന്ന് മന്ത്രാലയത്തിന്‍റെ സാങ്കേതിക വിദഗ്ധരും അടിയന്തര പ്രതികരണ സംഘങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കേടുപാടുകൾ വിലയിരുത്തുകയും നിലയം സുരക്ഷിതമാക്കുകയും വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
രാജ്യത്തെ വൈദ്യുതി ശൃംഖല സ്ഥിരതയോടെ നിലനിർത്തുന്നതിനും വൈദ്യുതി - ജല വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനും എഞ്ചിനീയർമാരും അടിയന്തര സംഘങ്ങളും രാവും പകലും പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി സംരക്ഷിക്കുന്നത് ദേശീയ ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
