
ദില്ലി: എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് റിപ്പോർട്ട്. നിലവിലുള്ള എച്ച്1-ബി വിസ ഉടമകൾക്ക് ഫീസ് വർധന ബാധകമല്ലെന്ന് യുഎസ് അഡ്മിനിസ്ട്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ എഎൻഐയോട് പ്രതികരിച്ചു.
ഇന്ന് ഇന്ത്യൻ സമയം രാവിലെ 9.30 യ്ക്ക് മുമ്പ് തിരിച്ചെത്താൻ എച്ച് വൺബി വീസയുള്ള ഇന്ത്യയ്ക്ക് പുറത്തുള്ള ജീവനക്കാരോട് പല കമ്പനികളും നിർദ്ദേശിച്ചിരുന്നു. ഇതിൻറെ ആവശ്യം ഇല്ലെന്നു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. നൂറു കണക്കിനാളുകൾ മടങ്ങുന്നത് വിമാന നിരക്ക് കുതിച്ചുയരാൻ ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മടങ്ങുന്നവർക്ക് സഹായം ഉറപ്പാക്കാൻ സർക്കാർ നയതന്ത്രകാര്യാലയങ്ങൾക്ക് നിർദ്ദേശം നല്കി. എച്ച് വൺബി വീസ ഫീസ് ഒരു ലക്ഷമായി ഉയർത്തിയത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും ഇത് മാനുഷിക പ്രശ്നമായി കൂടി കാണണമെന്നും ഇന്നലെ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
"രാജ്യം സന്ദർശിക്കുന്നവരോ രാജ്യം വിടുന്നവരോ ഇന്ത്യ സന്ദർശിക്കുന്നവരോ ഞായറാഴ്ചയ്ക്ക് മുമ്പ് തിരികെ മടങ്ങുകയോ $100,000 ഫീസ് അടയ്ക്കുകയോ ചെയ്യേണ്ടതില്ല. $100,000 പുതിയ അപേക്ഷകർക്ക് മാത്രമാണ്, നിലവിലുള്ള വിസ ഉടമകൾക്ക് ഇത് ബാധകമല്ല," യുഎസ് അഡ്മിനിസ്ട്രേറ്ററെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്നലെയാണ് ട്രംപ് സുപ്രധാന ഉത്തരവിൽ ഒപ്പിട്ടത്. എച്ച്-1ബി വിസ പ്രോഗ്രാമിൽ ഒരു വലിയ പരിഷ്‌കരണമാണ് നടത്തിയത്. 2025 സെപ്റ്റംബർ 21 ന് പുലർച്ചെ 12:01 മുതൽ പുതിയ ഫീസ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു സർക്കാരിൻ്റെ അറിയിപ്പ്. ഇതിന് പിന്നാലെ നിലവിൽ യുഎസിന് പുറത്തുള്ള H-1B വിസ ഉടമകളോ അവരുടെ കുടുംബാംഗങ്ങളോ ഉടൻ യുഎസിലേക്ക് മടങ്ങണമെന്ന് ഇമിഗ്രേഷൻ അഭിഭാഷകരും കമ്പനികളും ഉപദേശിച്ചിരുന്നു. രണ്ടായിരം മുതൽ അയ്യായിരം വരെ ഡോളറായിരുന്ന ഫീസ് കുത്തനെ ഒരു ലക്ഷത്തിലേക്ക് ഉയർത്തി ഈ തുക കമ്പനികൾ അടയ്ക്കണമെന്ന് ഉത്തരവിട്ട ട്രംപിൻ്റെ നീക്കം സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam