മഡൂറോയെ പിടികൂടിയ ശേഷം യുഎസിൻ്റെ അടുത്ത നീക്കം; 'വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാർ'; പ്രഖ്യാപനവുമായി ട്രംപ്

Published : Aug 29, 2026, 08:02 AM IST
US Venezuela Oil Deal

Synopsis

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ശേഷം സുപ്രധാന നീക്കവുമായി അമേരിക്ക. വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിന് ധാരണയായെന്ന് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം.

വാഷിംഗ്ടൺ: വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ ഒപ്പിടാൻ ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. വെനസ്വേലയുടെ 65 ബില്യൺ ബാരലിലധികം ക്രൂഡ് ഓയിൽ ശേഖരത്തിൽ അമേരിക്കയ്ക്ക് ഭൂരിപക്ഷ നിയന്ത്രണം ലഭിക്കുന്നതാണ് കരാർ. ഇത് അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയിലധികമാക്കുമെന്നും രാജ്യത്തെ ഇന്ധനവില വലിയ തോതിൽ കുറയ്ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

"ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറിൽ അമേരിക്ക വെനസ്വേലയുമായി ധാരണയിലെത്തിയിരിക്കുന്നു. എൻ്റെ നിർദേശപ്രകാരം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ചേർന്ന് നടത്തിയ ചർച്ചകളിലാണ് ഈ ധാരണയായത്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കരാർ. അമേരിക്കൻ നികുതിദായകർക്ക് ഒരു ചെലവുമില്ലാതെയാണ് 65 ബില്യൺ ബാരൽ എണ്ണയുടെ നിയന്ത്രണം നമ്മൾ നേടിയെടുത്തത്"- ട്രംപ് പറഞ്ഞു.

കരാർ വെനസ്വേലയുടെ സാമ്പത്തിക രംഗത്തിനും വലിയ ഉണർവേകുമെന്നും ട്രംപ് പറഞ്ഞു. "ഈ ചരിത്രപരമായ ഇടപാട് അമേരിക്കയുടെ എണ്ണ ശേഖരം ഇരട്ടിയാക്കും, എണ്ണ വിതരണം വർധിപ്പിക്കും, എല്ലാ അമേരിക്കക്കാർക്കും ദീർഘകാലത്തേക്ക് ഗ്യാസ് വില കുറയ്ക്കും. അതോടൊപ്പം വെനസ്വേലയെ വലിയ വിജയത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ ഇത് സഹായിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും ഈ ഇടപാട് സഹായിക്കും"- ട്രംപ് പറഞ്ഞു.

മാസങ്ങൾ നീണ്ട നയതന്ത്ര സമ്മർദങ്ങൾക്കും ഉപരോധങ്ങൾക്കും ശേഷമാണ് ഇരുരാജ്യങ്ങളും കരാറിൽ എത്താൻ ധാരണയായത്. വെനസ്വേലയുടെ എണ്ണ കയറ്റുമതിയിൽ അമേരിക്ക നേരിട്ട് മേൽനോട്ടം വഹിച്ചുവരികയായിരുന്നു. ഒൻപത് മാസം മുൻപ് ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് സൈന്യം വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. മയക്കുമരുന്ന് കടത്ത് അടക്കമുള്ള കേസുകളിൽ വിചാരണയ്ക്കായി അദ്ദേഹത്തെ അമേരിക്കയിലേക്ക് മാറ്റുകയും ചെയ്തു. മഡുറോയെ പുറത്താക്കിയ ശേഷം യുഎസ് എണ്ണക്കമ്പനികൾക്ക് വെനസ്വേലയിലേക്ക് മടങ്ങിവരാമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. വെനസ്വേലൻ മുൻ പ്രസിഡൻ്റ് ഹ്യൂഗോ ഷാവേസിന്റെ കാലത്ത് ദേശസാൽക്കരിച്ച വിദേശ കമ്പനികളുടെ ആസ്തികൾ തിരിച്ചുപിടിക്കണമെന്നായിരുന്നു ട്രംപിന്റെ വാദം.

ഇറാനുമായുള്ള യുദ്ധം ആറ് മാസം പിന്നിട്ടതോടെ അമേരിക്കയിൽ ഇന്ധനവില പിടിച്ചുനിർത്താൻ സർക്കാർ വലിയ സമ്മർദം നേരിടുന്നുണ്ട്. ഇതിനിടെയാണ് പുതിയ കരാർ എന്നതും ശ്രദ്ധേയമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല, പൂർണ്ണ നിയന്ത്രണമുണ്ട്; ഹോർമുസ് തുറക്കാൻ തയാറെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ
രക്ഷാപ്രവർത്തനത്തിന് വിദേശസഹായം വേണ്ടെന്ന തീരുമാനത്തിൽ യുടേൺ അടിച്ച് നേപ്പാൾ സർക്കാർ; സഹായം തേടാമെന്ന് പുതിയ അറിയിപ്പ്