നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ്; 'ഇറാനെതിരായ ആക്രമണത്തിൽ തീരുമാനം പുതുവർഷം പിറന്ന ശേഷം'

Published : Nov 20, 2026, 02:14 PM IST
Donald Trump

Synopsis

ഇറാനെതിരെ വീണ്ടും സൈനിക ആക്രമണം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷത്തേക്ക് നീട്ടി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് നയം വ്യക്തമാക്കിയത്. ഇറാന് ആണവായുധം നിർമ്മിക്കാൻ അവസരം നൽകില്ലെന്നും ട്രംപ് ആവർത്തിച്ചു.

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക ആക്രമണങ്ങൾ നടത്തുന്നത് സംബന്ധിച്ച തീരുമാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷത്തേക്ക് നീട്ടി. ഈ മാസം നടന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനമുണ്ടാകുമെന്നായിരുന്നു ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നത്. ചൈന സന്ദർശനം കഴിഞ്ഞ് വാഷിംഗ്ടണിലേക്ക് മടങ്ങവേ വിമാനത്തിൽ വെച്ച് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, "പുതുവർഷം പിറന്നതിന് ശേഷം നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം, നമുക്ക് ഇനിയും സമയമുണ്ട്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയും സംഘർഷം ലഘൂകരിക്കാമെന്ന സൂചനകളും ട്രംപ് മാറിമാറി നൽകുന്നുണ്ടായിരുന്നു. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ഫോക്സ് ന്യൂസ് അഭിമുഖത്തിലും ജനുവരി ഒന്നിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആക്സിയോസിനും ഇസ്രായേലിന്റെ ന്യൂസ് 12-നും നൽകിയ മറ്റൊരു അഭിമുഖത്തിൽ, ഇറാൻ വിഷയത്തിൽ തീരുമാനമെടുക്കാൻ താൻ തിരക്കുകൂട്ടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. എട്ട് മാസമായി തുടരുന്ന സംഘർഷത്തിൽ ഒത്തുതീർപ്പിന് ഇറാൻ തയ്യാറാകുമെന്നായിരുന്നു യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് ആവർത്തിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് യുഎസ് കോൺഗ്രസിലും സെനറ്റിലും ഭൂരിപക്ഷം നഷ്ടമായി. ഇറാനെതിരായ ഉപരോധങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും ഫലം കാണുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച അവകാശപ്പെട്ടത്.

തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇറാൻ വിഷയം ഒരു കാരണമായിട്ടുണ്ടെന്ന് ട്രംപ് സമ്മതിച്ചെങ്കിലും, തീരുമാനങ്ങളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. 2028-ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യുദ്ധമാണെന്ന് കുറ്റപ്പെടുത്തുകയും വിഷയത്തിൽ നിന്ന് പരസ്യമായി അകലം പാലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇറാൻ നയതന്ത്ര ശ്രമങ്ങളിൽ നിന്ന് വാൻസിനെ മാറ്റിയ ട്രംപ്, ആഭ്യന്തര കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് നിർദ്ദേശം നൽകി. വാൻസിന്റെ പ്രസ്താവന ശരിയാണെന്നും ഈ സാഹചര്യം തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയായെന്നും ട്രംപ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നാൽ, വീണ്ടും ഇതേ സാഹചര്യം വന്നാൽ ഇറാനെ ആക്രമിക്കുമോ എന്ന ചോദ്യത്തിന് "തീർച്ചയായും ചെയ്യും, കാരണം ഇറാന് ആണവായുധം നിർമിക്കാൻ അനുവദിക്കാനാവില്ല" എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ, ചൈനീസ് നേതാക്കളുമായി വ്യാഴാഴ്ച ട്രംപ് നടത്തിയ ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇറാൻ സംഘർഷത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന്ത്രോപിക്കിന്‍റെ ഓഹരികൾ അമേരിക്കൻ വിപണിയിൽ ലിസ്റ്റ് ചെയ്തു, വിപണിയിൽ ഇറക്കിയത് ആകെ 98 കോടി ഓഹരികൾ
അജിത് ദോവലിനും മുൻ റോ മേധാവിക്കും അമേരിക്കൻ കോടതിയുടെ സമൻസ്, കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി; പന്നൂൻ വധഗൂഢാലോചനാ കേസിൽ നിർണ്ണായക നീക്കം