ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അജിത് ദോവലിനും മുൻ റോ മേധാവിക്കും സമൻസ് കൈമാറാൻ അമേരിക്കൻ കോടതി ദില്ലി കോടതികളുടെ സഹായം തേടി

ന്യൂയോർക്ക്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സമൻസ് കൈമാറാൻ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കൻ കോടതി. ഖലിസ്ഥാനി വിഘടനവാദി ഗുർപത്‌വന്ത് സിങ് പന്നൂൻ നൽകിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോർക്കിലെ ഫെഡറൽ കോടതിയുടെ നടപടി. മുൻ റോ മേധാവി സമന്ത് ഗോയലിനും സമൻസ് കൈമാറാനാണ് നീക്കം. നവംബർ 13 നാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ല നടപടി സംബന്ധിച്ച് ഉത്തരവിറക്കിയത്. അജിത് ദോവലിന് സമൻസ് കൈമാറാൻ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാൻ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയത്. ഹേഗ് കൺവെൻഷനിലെ ആർട്ടിക്കിൾ 19 പ്രകാരമാണ് നടപടി. നേരത്തെ നയതന്ത്ര - ഔദ്യോഗിക മാർഗങ്ങളിലൂടെ സമൻസ് കൈമാറാനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദില്ലി കോടതികളുടെ സഹായം അമേരിക്കൻ കോടതി തേടിയിരിക്കുന്നത്.

ദില്ലി കോടതികൾ സഹായിക്കുമോ

2024 ലാണ് പന്നൂൻ അമേരിക്കയിൽ സിവിൽ കേസ് ഫയൽ ചെയ്തത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നായിരുന്നു ദോവലും സമന്ത് ഗോയലും ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണം. കേസിൽ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിരുന്നു. അമേരിക്കൻ കോടതിയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പന്നൂന്‍റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം. ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇത്തരം നിസ്സാര പരാതികളും ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വിദേശ കോടതി രേഖകൾ കൈമാറാനുള്ള അപേക്ഷകൾ കേന്ദ്രത്തിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയേ വരാവൂ എന്നും ഇന്ത്യ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ദോവലിനും ഗോയലിനുമുള്ള സമൻസുകൾ കൈമാറാൻ അമേരിക്കൻ കോടതിയെ ദില്ലി കോടതികൾ സഹായിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player