
വാഷിംഗ്ടൺ: ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിച്ചാൽ മോശം കാര്യങ്ങൾ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേർന്ന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
"ഇറാനെ ആണവായുധം ഉണ്ടാക്കാൻ നമ്മൾ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ വളരെ മോശം കാര്യങ്ങൾ കാണേണ്ടി വരും. നമ്മൾ അവരെ തടഞ്ഞു, അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കാൻ പോകുന്നില്ല"- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയൊരു കരാറിന് വാഷിംഗ്ടൺ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. "അവർക്ക് കരാറുണ്ടാക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാർ വേണോ എന്ന് ഞങ്ങൾക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോർമുസ് കടലിടുക്കിനെ ഞാനിപ്പോൾ കാണുന്നത് ഒരു അമേരിക്കൻ പ്രദേശമായിട്ടാണ്, അത് അമേരിക്കൻ മണ്ണാണ്" - ട്രംപ് പറഞ്ഞു.
മർട്ടിൽ ബീച്ചിലെ റാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം ഉണ്ടെന്നും അതൊരു യുഎസ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ യുഎസിന് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അടുത്തിടെ, ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ഹോർമുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന എഐ നിർമ്മിത പങ്കുവെച്ചിരുന്നു. ഇറാന് സാമ്പത്തിക പിന്തുണ അടക്കം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബബാദി, ട്രംപിന്റെ വ്യാമോഹങ്ങൾ തങ്ങൾ തന്നെ തിരുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്‌സെൻ റെസായിയും ട്രംപിന്റെ പരാമർശങ്ങളെ വിമർശിച്ചു. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam