
വാഷിങ്ടണ്‍: അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി നാട് കടത്താനുള്ള തീരുമാനവുമായി ട്രംപ് ഭരണകൂടം. ഒരു മാസത്തിനുള്ളിൽ നാടുകടത്താൻ സാധ്യതയുണ്ടെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ക്യൂബ, ഹെയ്തി, നിക്കരാഗ്വെ, വെനസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നൽകിയിരുന്ന താത്കാലിക നിയമ പരിരക്ഷ റദ്ദാക്കാനാണ് തീരുമാനം.
2022 ഒക്ടോബർ മുതൽ അമേരിക്കയിൽ എത്തിയ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5,32,000 പേരെ ഉത്തരവ് ബാധിക്കും. സ്പോൺസർഷിപ്പുമായി എത്തിയ ഇവർക്ക് യുഎസിൽ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വർഷത്തെ പെർമിറ്റാണ് നൽകിയിരുന്നത്. ഏപ്രിൽ 24 ന് അല്ലെങ്കിൽ ഫെഡറൽ രജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിച്ചതിന് 30 ദിവസത്തിന് ശേഷം അവരുടെ നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു.
യുഎസിന്‍റെ പുതിയ നയം ഹ്യുമാനിറ്റേറിയൻ പരോൾ പ്രോഗ്രാമിന് കീഴിൽ വന്നവരെയും ബാധിക്കും. യുദ്ധമോ രാഷ്ട്രീയ അസ്ഥിരതയോ ഉള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിൽ പ്രവേശിക്കാനും താൽക്കാലികമായി താമസിക്കാനും പ്രസിഡന്‍റുമാർ അനുമതി നൽകാറുണ്ട്. എന്നാൽ ഹ്യുമാനിറ്റേറിയൻ പരോളിന്‍റെ 'ദുരുപയോഗം' അവസാനിപ്പിക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
ഹ്യുമാനിറ്റേറിയൻ പരോൾ താൽക്കാലികമാണെന്നും ഇമിഗ്രേഷൻ പദവി ലഭിക്കുന്നതിന് പരോൾ പോരെന്നും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഇവർക്ക് അഭയം നൽകൽ, വിസ നൽകൽ, കൂടുതൽ കാലം തുടരാൻ അനുവദിക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ പരിഗണിക്കുന്നത് നിർത്തിവച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ഫെഡറൽ കോടതികളിൽ പരാതി എത്തിയിട്ടുണ്ട്. രാജ്യത്തെ ആക്റ്റിവിസ്റ്റുകളും ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ ചോദ്യംചെയ്ത് രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam