
വാഷിങ്ടണ്‍: റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഒഴിവാക്കാൻ ആകില്ലെന്ന് അമേരിക്ക. തീരുവ സംബന്ധിച്ചുള്ള പ്രഖ്യാപനം ഭാവിയിൽ ഉണ്ടാകുമെന്ന അമേരിക്ക സൂചന നൽകി. അധിക തീരുവയ്ക്കെതിരെ ഇന്ത്യ യുഎസിനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ അമേരിക്ക തയ്യാറാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. അമേരിക്ക എണ്ണ നൽകാം എന്നാണ് അറിയിപ്പ്. വെനസ്വേലയിൽ നിന്നും എണ്ണ നൽകാം എന്ന സൂചനയാണ് അമേരിക്ക നൽകുന്നത്. അതേസമയം ട്രംപ് - ഷീ ജിൻപിങ് കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായോ എന്നത് അമേരിക്ക വ്യക്തമാക്കിയിട്ടില്ല.
റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എണ്ണയ്ക്ക് തീരുവ ചുമത്തേണ്ടത് അനിവാര്യമാണെന്നാണ് യുഎന്നിൽ ഡോണൾഡ് ട്രംപ് പറഞ്ഞത്. പിന്നാലെയാണ് റഷ്യൻ എണ്ണയ്ക്ക് അധിക തീരുവ ഒഴിവാക്കാൻ കഴിയില്ലെന്ന് മാർക്കോ റൂബിയോ അറിയിച്ചത്. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഒരു ഭാഗത്തു നടക്കുമ്പോഴാണ് അധിക തീരുവയെ കുറിച്ചും സൂചനകൾ വരുന്നത്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങി അവരെ സഹായിക്കുന്നത് ശരിയല്ലെന്നും അവസാനിപ്പിക്കണമെന്നും യുക്രൈൻ പ്രസിഡന്‍റ് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ അടക്കം 47 രാജ്യങ്ങളിൽ നിന്നുള്ളവർ റഷ്യൻ സേനയിൽ ചേരുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam