
വാഷിങ്ടൺ: ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കാൻ ഇറാനോട് അമേരിക്ക. ഇറാൻ പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യുഎന്നിൽ യുഎസ് പ്രതിനിധി കുറ്റപ്പെടുത്തി. അമേരിക്കയുടെ സൈനിക നടപടി ഇറാൻ്റെ ഭീഷണി തടയാനെന്നും യുഎന്നിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു. എന്നാൽ ഇറാനിൽ നടന്ന ആക്രമണത്തിനെതിരെ വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടി.
അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ ഇസ്‌ഫഹൻ ആണവ നിലയത്തിലുണ്ടായത് കനത്ത നാശമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് എഐഇഎ കുറ്റപ്പെടുത്തുന്നു. ആക്രമണത്തെ യു.എൻ സെക്യൂരിറ്റി കൗണ്‍സിലിൽ അമേരിക്ക ന്യായീകരിച്ചിരിക്കെ, ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇതോടെ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്. ഇന്ധന വില ഉയരാൻ ഇത് കാരണമാകും.
ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സൈനികാക്രമണങ്ങൾ ഇറാനിയൻ ആണവ പദ്ധതിയെ പൂർണ്ണമായും തകർത്തുവെന്നാണ് ഇന്നലെ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടത്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന് പേരിട്ട ഈ സൈനിക നടപടിയിലൂടെ ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.
125ലധികം സൈനിക വിമാനങ്ങൾ പങ്കെടുത്ത ആക്രമണത്തിൽ ബി-2 സ്റ്റെൽത്ത് ബോംബറുകൾ, 14 ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകളും പേർഷ്യൻ ഗൾഫിലും അറേബ്യൻ കടലിലുമുള്ള യുഎസ് അന്തർവാഹിനികളിൽ നിന്ന് 30-ലധികം ടോമാഹോക്ക് മിസൈലുകളും വിക്ഷേപിച്ചായിരുന്നു ആക്രമണം. ലോകത്ത് മറ്റൊരു രാജ്യത്തിനും ഇത്തരമൊരു ഓപ്പറേഷൻ നടത്താൻ കഴിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.