പെട്ടെന്ന് മാറിനിൽക്കാൻ ഇന്ത്യക്ക് ബുദ്ധിമുട്ടാകുമെന്ന് അറിയാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി; താരിഫുകൾ പഠിക്കാൻ 60 ദിവസത്തെ സമയം തേടി അമേരിക്ക

Published : Oct 18, 2026, 10:35 AM IST
modi trump

Synopsis

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും താരിഫുകളും ആഗോള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 60 ദിവസത്തെ സമയം തേടി. റഷ്യൻ ഊർജ സ്രോതസുകളിൽ നിന്ന് ഇന്ത്യയ്ക്ക് പെട്ടെന്ന് പിന്മാറാൻ സാധിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ന്യൂഡൽഹി: റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും മറ്റ് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മേലുള്ള താരിഫുകളും ആഗോള സമ്പദ്‌വ്യവസ്ഥയെയും അമേരിക്കയെയും എങ്ങനെയെല്ലാം ബാധിക്കുമെന്ന് വിശകലനം ചെയ്യാൻ 60 ദിവസത്തെ സമയം തേടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഉസ്ബെക്കിസ്ഥാനിലേക്കും ഇന്ത്യയിലേക്കും പുറപ്പെടുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ ഊർജ സ്രോതസുകളിൽ നിന്ന് ഇന്ത്യയ്ക്ക് പെട്ടെന്ന് പിന്മാറാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയ്‌ക്കമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മേലുള്ള താരിഫുകളെക്കൂടി ഉൾക്കൊള്ളുന്നതാണ്. അതിനാൽ ഈ ഉപരോധങ്ങളും താരിഫുകളും ആഗോള സമ്പദ്‌വ്യവസ്ഥയിലും യുഎസ് സമ്പദ്‌വ്യവസ്ഥയിലും എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുകയെന്ന് വിലയിരുത്താനാണ് പ്രസിഡന്‍റ് ഈ സമയം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കി. യുഎസ്-ഇറാൻ യുദ്ധം മൂലമുള്ള ആഗോള ഊർജ പ്രതിസന്ധിയും സൗദി അറേബ്യയ്ക്ക് നേരായ ഹൂതി ആക്രമണങ്ങളും യുക്രെയ്ൻ-റഷ്യ സംഘർഷവുമെല്ലാം നിലവിലെ ഊർജ വിപണിയെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ത്യയുടെ ഊർജ നയത്തെ പിന്തുണച്ച് മാർക്കോ റൂബിയോ

ഊർജ സ്രോതസുകളിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, പെട്ടെന്ന് ഒരു ദിവസം റഷ്യൻ ഊർജത്തിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കാൻ ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് ബുദ്ധിമുട്ടാണെന്ന് റൂബിയോ വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷിയും പങ്കാളിയുമാണ് ഇന്ത്യ. അതിനാൽ ഈ വിഷയങ്ങളെല്ലാം സമഗ്രമായി പഠിച്ച ശേഷം ശരിയായ തീരുമാനം എടുക്കുന്നതിനാണ് 60 ദിവസത്തെ കാലാവധി പ്രയോജനപ്പെടുത്തുന്നത്. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര വിപണിയിൽ ഇന്ധനവില പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നയപരമായ നീക്കങ്ങൾ.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ എണ്ണ ബഹിഷ്കരിച്ചപ്പോൾ, വൻ വിലക്കുറവിലാണ് റഷ്യൻ ക്രൂഡ് ഓയിൽ ഏഷ്യൻ വിപണിയിലേക്ക് എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമായിരുന്ന റഷ്യൻ എണ്ണ, പിന്നീട് 40 മുതൽ 50 ശതമാനം വരെയായി വർദ്ധിച്ചു. കഴിഞ്ഞ മാസം പ്രതിദിനം ഏകദേശം 1.9 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 35 ശതമാനത്തോളം വരും.

1.4 ബില്യൺ വരുന്ന ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കൻ ബില്ലിനോട് പ്രതികരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഉഭയകക്ഷി ബന്ധത്തെയും അന്താരാഷ്ട്ര ഊർജ വിപണിയെയും ബാധിക്കുന്ന വിഷയങ്ങൾ ഉന്നതതല ചർച്ചകളിൽ അമേരിക്കയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൗദി അറേബ്യൻ ഹെലികോപ്റ്റർ നജ്‌റാനിൽ തകർന്നുവീണ് രണ്ട് ജീവനക്കാർ മരിച്ചു; അപകടകാരണം സാങ്കേതിക തകരാറെന്ന് സഖ്യസേന
ചരിത്രസ്മാരകങ്ങൾക്ക് തീയിട്ടു, കടകളിൽ കൂട്ടക്കൊള്ള; ഫ്രാൻസ് കത്തുന്നു; ആയിരത്തിലധികം പേർ അറസ്റ്റിൽ