
ഓഗസ്റ്റ് 26-ന്, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയും മറ്റ് ഔദ്യോഗിക പ്രതിനിധികളും കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്ക് ഉന്നയിച്ച പരാതികൾ ഒത്തുതീർപ്പാക്കാൻ മെറ്റ 17.1 ബില്യൺ ഡോളർ (ഏകദേശം 1.71 ലക്ഷം കോടി രൂപ) വരെ നൽകാൻ സമ്മതിച്ചു. ഇന്‍റർനെറ്റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ സംരക്ഷണ ഒത്തുതീർപ്പുകളിൽ ഒന്നാണിത്. അതിലുപരി, വളർച്ചയും ലാഭവും മാത്രം ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ അറിഞ്ഞുകൊണ്ട് അപകടങ്ങളിലേക്ക് തള്ളിവിടുകയായിരുന്നോ എന്ന കാര്യത്തിൽ ഇതൊരു നിർണായക വഴിത്തിരിവുണ്ടാക്കുന്നു.
ഈ കേസ് മെറ്റയുടെ ഉൽപ്പന്ന രൂപകൽപനയെ നിയമപരമായ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. അവരുടെ പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണ് ദീർഘനേരത്തെ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചത്, കൗമാരക്കാരുടെ സുരക്ഷാ ഫീച്ചറുകൾ പൊതുജനങ്ങൾക്ക് മുന്നിൽ എങ്ങനെ അവതരിപ്പിച്ചു, പ്ലാറ്റ്‌ഫോമുകൾ ചെറുപ്പക്കാരായ ഉപയോക്താക്കളിൽ ഉണ്ടാക്കുന്ന അപകടസാധ്യതകളെക്കുറിച്ച് കമ്പനിക്ക് എന്തെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മെറ്റ അവകാശപ്പെടുന്നുണ്ടെങ്കിലും, കമ്പനികളുടെ സ്വയം നിയന്ത്രണം എന്നത് നിയമപരമായി നടപ്പിലാക്കാവുന്ന ഉത്തരവാദിത്തത്തിന് പകരമാവില്ലെന്ന് ഈ ഒത്തുതീർപ്പ് വ്യക്തമാക്കുന്നു.
നിർദ്ദിഷ്ട ഒത്തുതീർപ്പ് പ്രകാരം, 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്കായി മെറ്റ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. സ്വാഭാവികമായ സമയപരിധികൾ, രാത്രികാല ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ, സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷനുകൾക്ക് വിലക്ക്, കൂടുതൽ ശക്തമായ പ്രായപരിശോധനാ രീതികൾ, സ്വതന്ത്രമായ മേൽനോട്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ കേവലം ബാഹ്യമായ മാറ്റങ്ങളല്ല, മറിച്ച് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രായപൂർത്തിയാകാത്തവർക്കായി എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ അടിത്തറ തന്നെ മാറ്റിയെഴുതുന്നവയാണ്.
അമേരിക്കൻ കുട്ടികൾക്ക് ദോഷകരമായ പ്ലാറ്റ്‌ഫോം രൂപകൽപനയിൽ നിന്ന് കോടതിയുടെ പിൻബലത്തോടെ സുരക്ഷ ലഭിക്കുമ്പോൾ, എന്തുകൊണ്ട് ഇന്ത്യൻ കുട്ടികൾക്ക് അതേ സുരക്ഷ ഉറപ്പുനൽകിക്കൂടാ എന്ന ചോദ്യം പ്രസക്തമാകുന്നു.
ഈ ഒത്തുതീർപ്പോടെ മെറ്റ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്ന് കരുതരുത്. 2025-ൽ 201 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ ഒരു കമ്പനിക്ക് 10 വർഷം കൊണ്ട് 17 ബില്യൺ ഡോളർ നൽകുക എന്നത് വലിയ ഭാരമല്ല. ഒത്തുതീർപ്പിന് ശേഷം മെറ്റയുടെ ഓഹരി മൂല്യം അഞ്ച് ശതമാനം ഉയർന്നുവെന്നത് ഈ കരാർ കമ്പനിക്ക് വലിയ സാമ്പത്തിക പ്രഹരമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കുന്നു.
നിർബന്ധമാക്കിയ സുരക്ഷാ പരിഷ്കാരങ്ങൾ അർത്ഥവത്താണെങ്കിലും, വളരെ വൈകിപ്പോയ ഒന്നാണ്. ഏറ്റവും പ്രധാനമായി, ഈ ഒത്തുതീർപ്പ് അമേരിക്കൻ നിയമത്തിലൂടെയും പ്രോസിക്യൂട്ടർമാർ വഴിയും അമേരിക്കൻ കുട്ടികളെ മാത്രമാണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ 35 കോടി ചെറുപ്പക്കാരായ ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല. അതേ പ്ലാറ്റ്‌ഫോമുകളാണ് ഇവിടെയും പ്രവർത്തിക്കുന്നത്. കുട്ടികൾ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് അതേ റെക്കമൻഡേഷൻ സിസ്റ്റങ്ങളാണ്. ശ്രദ്ധ പിടിച്ചെടുക്കുക, സമയം നഷ്ടപ്പെടുത്തുക, കൂടുതൽ സമയം നിലനിർത്തുക എന്നിവ തന്നെയാണ് ഇവിടുത്തെയും പ്രേരണകൾ. എന്നിട്ടും ഇന്ത്യയിൽ സമാനമായ നിയമനടപടികളോ, വിവരങ്ങൾ പുറത്തുവിടലോ, കോടതിയുടെ മേൽനോട്ടത്തിലുള്ള പരിഷ്കാരങ്ങളോ ഉണ്ടായിട്ടില്ല.
ഇന്ത്യയിൽ കുട്ടികൾ നേരിടുന്ന അപകടങ്ങളുടെ തീവ്രത കുറവായതുകൊണ്ടല്ല ഇത്. മറിച്ച്, പ്ലാറ്റ്‌ഫോമുകൾ വരുത്തുന്ന ദോഷങ്ങളെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ താൽക്കാലികവും അപൂർണ്ണവുമായി തുടരുന്നതുകൊണ്ടാണ്. ഒരു ദുരന്തമുണ്ടാകുന്നു, ജനരോഷം ഉയരുന്നു, പ്ലാറ്റ്‌ഫോം ഒരു പ്രസ്താവനയിറക്കുന്നു, പാർലമെന്റിൽ ചോദ്യമുയർന്നേക്കാം, പിന്നീട് എല്ലാം ശാന്തമാകുന്നു. അമേരിക്കയിലെ കേസ് ഈ ആവർത്തനത്തിന് മാറ്റമുണ്ടാക്കി. കമ്പനികളുടെ ഉള്ളറകളിലെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ ശേഷിയുള്ള ഒരു നിയമനടപടിയാണ് ഇന്ത്യക്കും ആവശ്യം.
അമേരിക്കൻ കേസിന്‍റെ ഏറ്റവും വലിയ നേട്ടം വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിച്ചു എന്നതുതന്നെയാണ്. കോടതി ഇടപെട്ടതോടെ മെറ്റയ്ക്ക് അവരുടെ ആന്തരിക ഗവേഷണ രേഖകൾ, ഉൽപ്പന്ന രൂപകൽപനാ രേഖകൾ, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ എന്നിവ സത്യവാങ്മൂലത്തോടെ പൊതുസമൂഹത്തിന് മുന്നിൽ ഹാജരാക്കേണ്ടി വന്നു. ഇന്ത്യൻ കോടതികളിൽ ശക്തമായ നിയമനടപടി ഉണ്ടായാൽ പല നിർണായക ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനാകും. ഇന്ത്യൻ കൗമാരക്കാരായ പെൺകുട്ടികളുടെ മാനസികാരോഗ്യത്തിൽ പ്ലാറ്റ്‌ഫോമുകൾ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് മെറ്റയുടെ ആന്തരിക ഗവേഷണം എന്താണ് പറയുന്നതെന്നും, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിൽ രാത്രി 11 മണിക്ക് ഒരു 14 വയസുകാരന് നൽകുന്ന റെക്കമൻഡേഷൻ അൽഗോരിതം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാകേണ്ടതുണ്ട്.
കൂടാതെ, നിയമപരമായി അക്കൗണ്ട് തുടങ്ങാൻ അനുമതിയില്ലാത്ത 13 വയസിന് താഴെയുള്ള എത്ര ഇന്ത്യൻ കുട്ടികൾ ഈ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണെന്നും, ഇന്ത്യൻ ഉപയോക്താക്കളെ ബാധിക്കുന്ന കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്നും അവ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അറിയേണ്ടതുണ്ട്. അമേരിക്കയിൽ മാത്രം 75 ലക്ഷം വസ്തുതകളാണ് കമ്പനിയുടെ ആന്തരിക പരിശോധനയിലുണ്ടായിരുന്നത്. കുട്ടികളെ അടിമപ്പെടുത്തുന്ന അതേ ഡിസൈൻ ഫീച്ചറുകൾ ഇന്ത്യൻ ഉപയോക്താക്കളിലും പ്രയോഗിച്ചിട്ടുണ്ടെങ്കിൽ, യാതൊരു സംരക്ഷണവുമില്ലാതെ അവർ ദ്രോഹിക്കപ്പെടുകയായിരുന്നു എന്ന് കരുതേണ്ടിവരും.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മെറ്റയുടെ സെർവറുകളിലും ആന്തരിക ഗവേഷണ ഡാറ്റാബേസുകളിലും എക്സിക്യൂട്ടീവ് ആശയവിനിമയങ്ങളിലുമുണ്ട്. അവ പുറത്തെടുക്കാനുള്ള ഏക വഴി കോടതികളാണ്. ഇന്ത്യക്ക് ഇതിനാവശ്യമായ നിയമപരമായ അടിത്തറ നിലവിലുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം 2019, ഐടി (ഇന്‍റർമീഡിയറി ഗൈഡ്‌ലൈൻസ്) റൂൾസ് 2021, പോക്‌സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട്, കൂടാതെ ഇന്ത്യൻ ഭരണഘടന എന്നിവയെല്ലാം ഇതിനായി ഉപയോഗിക്കാം. അതിനായി പുതിയ നിയമനിർമ്മാണത്തിനായി കാത്തിരിക്കേണ്ടതില്ല.
2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്‍റെ ഭാഗമായിരിക്കെ ഞാൻ പങ്കാളിയായ "സേഫ്, ട്രസ്റ്റഡ് ആൻഡ് അക്കൗണ്ടബിൾ" ചട്ടക്കൂട് ഇതിനായി രൂപകൽപ്പന ചെയ്തതായിരുന്നു. വൻതോതിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്‌ഫോമുകൾ അവയുടെ രൂപകൽപ്പനയുടെ പ്രത്യാഘാതങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. അമേരിക്കൻ കേസുകളിൽ ആരോപിക്കപ്പെട്ട കാര്യങ്ങൾ ഈ മാനദണ്ഡങ്ങൾക്ക് നിരക്കുന്നതല്ല.
ഇന്ത്യ ഏകീകൃതമായ ഒരു ദേശീയ നിയമ തന്ത്രം ഏകോപിപ്പിക്കേണ്ടതുണ്ട്. ദേശീയ ബാലാവകാശ സംരകാശ കമ്മീഷൻ തങ്ങളുടെ അന്വേഷണ അധികാരങ്ങൾ ഉപയോഗിച്ച്, ഇന്ത്യയുമായി ബന്ധപ്പെട്ട സുരക്ഷാ ഗവേഷണങ്ങൾ, അൽഗോരിതം രേഖകൾ, പ്രായപൂർത്തിയാകാത്ത ഉപയോക്താക്കളുടെ വിവരങ്ങൾ, ആന്തരിക ആഘാത പഠനങ്ങൾ എന്നിവ ഹാജരാക്കാൻ പ്ലാറ്റ്‌ഫോമുകളോട് നിർദ്ദേശിക്കണം.
ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ഉപഭോക്തൃ ഫോറങ്ങളെയും ഹൈക്കോടതികളെയും നേരിട്ട് സമീപിക്കാവുന്നതാണ്. അതോടൊപ്പം, അൽഗോരിതങ്ങൾ വെളിപ്പെടുത്തുന്നത് ഒരു നിയമപരമായ അവകാശമാക്കുന്ന നിയമനിർമ്മാണം പാർലമെന്റ് കൊണ്ടുവരണം. ഇതുവഴി ഉള്ളടക്ക നിയന്ത്രണ നയങ്ങൾ, അൽഗോരിതം പ്രവർത്തനങ്ങൾ, ഇന്ത്യൻ ഉപയോക്താക്കളെക്കുറിച്ചുള്ള കുട്ടികളുടെ സുരക്ഷാ പഠനങ്ങൾ എന്നിവ നിർദ്ദിഷ്ട അധികാര കേന്ദ്രങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ പ്ലാറ്റ്‌ഫോമുകൾ നിർബന്ധിതരാകും. കൂടാതെ, സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് ഉപഭോക്തൃ സംരക്ഷണ, ബാലസുരക്ഷാ നിയമങ്ങൾ മുൻനിർത്തി ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേസ് ഫയൽ ചെയ്യണം. മുന്നിൽ നിൽക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്തിന് ഈ കാര്യത്തിൽ ഒരു ദേശീയ മുന്നേറ്റത്തിന് തുടക്കമിടാനാകും.
അമേരിക്കയിലെ ഒത്തുതീർപ്പ് ഒരു തുടക്കം മാത്രമാണ്. പാശ്ചാത്യ രാജ്യങ്ങളിൽ നേരിടുന്നതിനേക്കാൾ കുറഞ്ഞ നിരീക്ഷണത്തിലും ദുർബലമായ മേൽനോട്ടത്തിലും വളരെ കുറഞ്ഞ പൊതുജന ശ്രദ്ധയിലുമാണ് ആഗോള പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ പ്രവർത്തിച്ചുപോന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരായ ഉപയോക്താക്കളിൽ നിന്ന് അവർ വൻ ലാഭമുണ്ടാക്കുമ്പോഴും നിയമപരമായ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
ഡിജിറ്റൽ ലോകം തങ്ങളുടെ കുട്ടികളോട് ചെയ്തതിനോട് അമേരിക്ക നൽകിയ മറുപടിയാണ് ഈ ഒത്തുതീർപ്പ്. ഇന്ത്യയും ഇപ്പോൾ സ്വന്തം മറുപടി കണ്ടെത്തണം. ഉപരിപ്ലവമായ ചർച്ചകൾ അവസാനിക്കേണ്ടതുണ്ട്. അപകടം യാഥാർത്ഥ്യമാണ്, പ്ലാറ്റ്‌ഫോമുകൾക്ക് അത് അറിയാം, അതിനെതിരായ നിയമപോരാട്ടത്തിനുള്ള വഴികളും മുന്നിലുണ്ട്. എല്ലാ പ്ലാറ്റ്‌ഫോമുകളെയും സുരക്ഷിതവും, വിശ്വസനീയവും, ഉത്തരവാദിത്തമുള്ളതുമാക്കാൻ നിർണായകമായി പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
(ലേഖകൻ മുൻ എംപിയും മുൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രിയും ബിജെപി കേരള അധ്യക്ഷനും നേമം എംഎൽഎയുമാണ്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam