ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത ഭൂ​ഗർഭ ആണവനിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ മാസങ്ങളായി തുടരുന്ന സൈനികനടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ആണവായുധം കൈവശംവെയ്ക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നതാണ് യുഎസ് സൈനികനടപടിയുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

വാഷിങ്ടൺ: ഇറാനിലെ ഭൂ​ഗർഭ ആണവനിലയമായ 'പിക്ആക്സ് മൗണ്ടൈൻ'(Pickaxe Mountain) ഉടൻ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇറാന്റെ അതീവസുരക്ഷിത ഭൂ​ഗർഭ ആണവനിലയം ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയത്. ഇറാനെതിരെ മാസങ്ങളായി തുടരുന്ന സൈനികനടപടിയെയും അദ്ദേഹം ന്യായീകരിച്ചു. ആണവായുധം കൈവശംവെയ്ക്കുന്നതിൽനിന്ന് ഇറാനെ തടയുക എന്നതാണ് യുഎസ് സൈനികനടപടിയുടെ ലക്ഷ്യമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

'ഇപ്പോൾ അഞ്ചുമാസമായി. ഈ അഞ്ചുമാസം ഞങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയുമോ? ഇറാന് ആണവായുധം ലഭിക്കില്ലെന്ന് ഉറപ്പാക്കുകയാണ് ഈ കാലയളവിൽ ഞങ്ങൾ ചെയ്തത്. ഇറാന്റെ കൈവശം ആണവായുധം ഉണ്ടാകില്ല. ഉണ്ടായിരുന്നെങ്കിൽ നിങ്ങളൊന്നും ഇവിടെ ഇങ്ങനെ നിൽക്കുമായിരുന്നില്ല. ഇനി ഞങ്ങൾ ഉടൻതന്നെ പിക്ആക്സ് മൗണ്ടൈൻ ആക്രമിച്ചേക്കും. യുഎസ് ഇന്റലിജൻസ് അവിടത്തെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പിക്ആക്സിലെ എല്ലാ നീക്കങ്ങളും ഞങ്ങൾക്കറിയാം. ഇറാനിലെ മുഴുവൻ നീക്കങ്ങളും ഞങ്ങൾ അറിയുന്നുണ്ട്. എന്തെങ്കിലും മോശമായി ഉണ്ടായാൽ ഞങ്ങൾ അവരെ ആക്രമിക്കും. അതിശക്തമായി തന്നെ ആക്രമിക്കും', ട്രംപ് പറഞ്ഞു.

ഇറാനെതിരായ അമേരിക്കയുടെ സൈനികനടപടി മേഖലയിൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ കാരണമായെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്ക ഇടപെട്ടിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ​ഗുരുതരമായ ഭീഷണി നേരിടേണ്ടിവന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യയും ഇന്ന് അവശേഷിക്കില്ലായിരുന്നു. അത് കഴിഞ്ഞാൽ അവർ യൂറോപ്യൻ ന​ഗരങ്ങളെയും യുഎസിലെ ന​ഗരങ്ങളെയും ലക്ഷ്യമിടുമായിരുന്നു. പക്ഷേ, അവരെ ഞങ്ങൾ തടഞ്ഞു. അഞ്ചുമാസം കൊണ്ട് ആണവായുധം കൈവശപ്പെടുത്തുന്നതിൽനിന്ന് അവരെ തടയാനായി', ട്രംപ് കൂട്ടിച്ചേർത്തു.

നഥാൻസിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപത്തായാണ് പിക്ആക്സ് മൗണ്ടൈൻ സ്ഥിതിചെയ്യുന്നത്. രണ്ട് തുരങ്കസംവിധാനങ്ങളുള്ള അതീവസുരക്ഷിതമായ ഭൂ​​ഗർഭ സമുച്ചയമാണിത്. സാധാരണ​രീതിയിലുള്ള വ്യോമാക്രമണങ്ങളിൽനിന്നടക്കം സുരക്ഷിതമായ കേന്ദ്രമാണിത്. അടുത്തിടെ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ ഈ ഭൂ​ഗർഭനിലയത്തിലേക്ക് ഇറാൻ മാറ്റിയതായി ഇസ്രേയേൽ ഇന്റലിജൻസ് വിഭാ​ഗം കണ്ടെത്തിയിരുന്നു.